ഒമാന്റെ സാമ്പത്തിക മേഖലയുമായി വിദേശ തൊഴില്‍ ശക്തി എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. എന്നാലും, സ്വദേശിവത്കരണം നടപ്പിലാക്കാതിരിക്കാന്‍ സാധിക്കില്ല എന്നിരിക്കെ, സ്വദേശിവത്കരണത്തിന്റെ ചുരുങ്ങിയ തോത് പാലിക്കുവാന്‍ രാജ്യത്തെ കമ്പനികള്‍ തയാറാകണം. ഇത് സാമൂഹിക ഉത്തരവാദിത്വം ആണെന്ന് ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി വ്യക്തമാക്കി. ഒമാന്‍ ഇന്‍ഡസ്ട്രി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. സുനൈദി. വിദേശ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഒമാന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ സേവനങ്ങള്‍ രാജ്യത്തിന് ഇനിയും ആവശ്യവുമാണ്. എന്നാല്‍, സ്വദേശികളുടെ തൊഴില്‍ അവസരങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഇതോടൊപ്പം ആവശ്യമാണ്.

35 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുത്താത്ത കമ്പനികളുമായി കര്‍ശന നിലപാടുകള്‍ ആയിരിക്കും സര്‍ക്കാര്‍ ഇനിയും സ്വീകരിക്കുക വിദേശ നിക്ഷേപമുള്ള നിരവധി കമ്പനികള്‍ ഒമാനില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുത്തുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള കമ്പനികളുടെ സാമൂഹിക കടമയാണ് സ്വദേശിവത്കരണമെന്നും ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി കൂട്ടിച്ചേര്‍ത്തു. 2010ലാണ് ഒമാനില്‍ സ്വദേശി വത്കരണത്തിന്റെ തോത് 35 ശതമാനമാക്കി വാണിജ്യ, വ്യവസായ മന്ത്രാലയം ഉയര്‍ത്തിയത്.