മസ്ക്കറ്റ്: ഒമാനിൽ ഇന്ധനവില മരവിപ്പിക്കുവാൻ മന്ത്രിസഭാ തീരുമാനം. പ്രതിമാസ ഇന്ധനവില വര്‍ധനവില്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് സർക്കാറിന്‍റെ ഈ നടപടി.

രണ്ടായിരത്തി പതിനാറു ജനുവരിയിൽ ഒമാൻ സർക്കാർ സബ്‌സിഡി നീക്കുന്നതിന് മുൻപ് റെഗുലർ പെട്രോളിന് നൂറ്റി പതിനാലു ബായിസ്സ
ആയിരുന്നു വില. ജനുവരി പതിനഞ്ചിനു സബ്‌സിഡി സർക്കാർ നീക്കിയപ്പോൾ വില ലിറ്ററിന് നൂറ്റി നാല്പത് ആയി ഉയർന്നു. തുടർന്ന് നവംബറിൽ പുതിയ ഇന്ധനം വിപണിയിൽ എത്തി. 

അതിൽ റെഗുലർ പെട്രോളിന്റെ സ്ഥാനത്തു വന്ന എം91 ഗ്രേഡ് പെട്രോളിന് നൂറ്റിഎഴുപത്തിമൂന്നു ബൈസയായിരുന്നു ലിറ്ററിന് വില. ഇപ്പോൾ ഫെബ്രുവരി മാസത്തിൽ ഇതിന്റെ വില ലിറ്ററിന് നൂറ്റി എണ്‍പത്തിയാറ് ബെയ്സ് ആണ്. അതായതു ഒരു വര്ഷം പിന്നിട്ടപ്പോൾ അറുപത്തി മൂന്നു ശതമാനം പെട്രോൾ വിലയിൽ വർദ്ധനവ് ഉണ്ടായതു രാജ്യത്തെ സാധാരണക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കിയ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.

ഇന്ധനവില വര്‍ധന സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത് വരെ ഈ വിലയിൽ ഇനിയും മാറ്റമുണ്ടാകില്ല എന്നു
മന്ത്രി സഭ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട് . അതേസമയം, പ്രതിമാസ ഇന്ധനവില വര്‍ധനവ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി വേണമെന്ന ശൂറ അഡ്‌ഹോക് കമ്മിറ്റിയുടെ നിര്‍ദേശം ശൂറാ കൗണ്‍സില്‍ നാളെ ചര്‍ച്ച ചെയ്യും. 

ഇന്ധനത്തിന് നിശ്ചിത വില ഏര്പെടുത്തണമെന്നാണ് ആവശ്യം. എം തൊണ്ണൂറ്റിഅഞ്ചു ഗ്രേഡ് പെട്രോളിനു വിലയിൽ അറുപത്തി മൂന്നു
ശതമാനം വർധനവും, ഡീസലിന് നാൽപതു ശതമാനം വർധനവും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്.