മസ്കറ്റ്: ഇന്ത്യയടക്കമുള്ള നാല് രാഷ്‌ട്രങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് സന്ദര്‍ശന വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഒമാന്‍ സര്‍ക്കാര്‍ ലളിതമാക്കി. സ്‌പോണ്സര്‍മാരില്ലാതെ,സ്റ്റാര്‍ ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റേഴ്‌സ് മുഖേന ഓമനിലേക്കുള്ള സന്ദര്‍ശന വിസക്ക് അപേക്ഷിക്കാം. ഇതുമൂലം രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് ഒമാന്‍ വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

ഇന്ത്യയ്‌ക്ക് പുറമെ,ഇറാന്‍,റഷ്യ,ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ആനുകൂല്യം ലഭിക്കും വിധമാണ് ഇ-വിസ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റേഴ്‌സ് എന്നിവര്‍ വഴി ഇനിയും നേരിട്ട് സന്ദര്‍ശന വിസക്ക് അപേക്ഷിക്കാവുന്നതാണ്.

20 ഒമാനി റിയാല്‍ നിരക്കില്‍ ഒരു മാസത്തേക്കുള്ള വിസയാണ് ലഭിക്കുക,ആവശ്യമുള്ളവര്‍ക്ക് കാലാവധി നീട്ടുവാനും സാധിക്കും. മുന്‍പ് ഒരു മാസത്തേക്ക് 20 റിയാലും 10 ദിവസത്തെ വിസക്ക് അഞ്ച് റിയാലുമായിരുന്നു നിരക്ക്.റോയല്‍ ഒമാന്‍ പോലീസുമായി ചേര്‍ന്നാണ് ഒമാന്‍ ടൂറിസം മന്ത്രാലയം ഈ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.

നാല് രാഷ്‌ട്രങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഒമാനില്‍ എത്തിയ സഞ്ചാരികളുടെ എണ്ണം പരിഗണിച്ചാണ് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരേ ആകര്‍ഷിക്കുന്നതിന് വിസാ നടപടികള്‍ എപ്പോള്‍ ലളിതമാക്കിയത്. സമയാസമയങ്ങളില്‍ ഒമാന്‍ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചിരുന്നു.