മസ്ക്കറ്റ്: എണ്ണവിലയിടിവിന്‍റെ പശ്ചാത്തലത്തില്‍ വരുമാന നഷ്ടവും ബജറ്റ്കമ്മിയും നികത്താനുള്ള ഒമാൻ സര്‍ക്കാറിന്‍റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ ലക്ഷ്യം കണ്ടതായി കണക്കുകള്‍. 2016 ആദ്യപാദത്തില്‍ പൊതുചെലവില്‍ കുറവു വന്നതായി ധന മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞവര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് 1.9 ശതമാനത്തിന്‍റെ കുറവോടെ പൊതുചെലവ് 2.39 ശതകോടി റിയാലില്‍ എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധം, രാഷ്ട്ര സുരക്ഷ, മന്ത്രാലയങ്ങള്‍, വായ്പകളിലെ പലിശ, എണ്ണ ഉല്‍പാദനം എന്നിവക്കാണ് ഇതില്‍ 1.62 ശതകോടി റിയാലും ചെലവഴിച്ചത്. 

കഴിഞ്ഞവര്‍ഷത്തെ ആദ്യപാദവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം ചെലവഴിക്കലില്‍ കുറവാണുണ്ടായത്. വേർ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിരോധ, രാഷ്ട്രസുരക്ഷാ മേഖലകളില്‍ ചെലവഴിച്ച തുക മൂന്നു ശതമാനം വര്‍ധിച്ച് 58.45 കോടി റിയാല്‍ എത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. 

എണ്ണവിലയിലെ ഇടിവ് രാജ്യത്തിന്‍റെ വരുമാനത്തെതന്നെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. വരുമാനത്തിലെ കുറവ് നികത്താന്‍ അന്താരാഷ്ട്ര വിപണിയില്‍നിന്ന് കടമെടുക്കാന്‍ ഒരുങ്ങുന്നതായി ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇതോടൊപ്പം പൊതുചെലവ് കുറച്ചും എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും ബജറ്റ് കമ്മി മറികടക്കാമെന്നാണ് പ്രതീക്ഷ. 3.3 ശതകോടി റിയാലിന്‍റെ ബജറ്റ് കമ്മിയാണ് ഈ വര്‍ഷം പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നാലര ശതകോടി റിയാലായിരുന്നു കമ്മി. 

ഇന്ധന സബ്സിഡി ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി ഇന്ധനത്തിന്‍റെ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ജനുവരി ആദ്യം മുതല്‍ എടുത്തുകളഞ്ഞിരുന്നു. ഇതോടൊപ്പം, പ്രവാസികളുടേതടക്കം വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. മന്ത്രിമാരുടെയും അണ്ടര്‍ സെക്രട്ടറിമാരുടെയും തത്തുല്യ തസ്തികയിലുള്ളവര്‍ക്കും ബോണസ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് ഒടുവിലത്തേത്.