ചികിത്സക്കായി ഇന്ത്യയില്‍ എത്തുന്ന ഒമാന്‍ സ്വദേശികള്‍ പൂര്‍ണ സംതൃപ്തരാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഒമാനില്‍ നിന്നും എത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഇരുപതു ശതമാനം വര്‍ദ്ധനയുണ്ടെന്ന് ഇന്ത്യയില്‍ നിന്നുമെത്തിയ വിദഗ്ദ്ധരും വ്യക്തമാക്കി. മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച ബിസ്സിനസ്സ് മീറ്റിലാണ് ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ചികിത്സാരംഗത്തെ സഹകരണം പങ്കുവച്ചത്.

ആരോഗ്യ രംഗത്ത് ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മസ്കറ്റ് ഇന്ത്യന്‍ എംബസിയിലാണ് ബിസ്സിനസ്സ് മീറ്റ് സംഘടിപ്പിച്ചിരുന്നത്. മൂന്നു ദിവസമായി നടന്നു വരുന്ന ആരോഗ്യ പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ബിസ്സിനസ്സ് മീറ്റ്. വിദഗ്ദ്ധ ചികിത്സക്കായി 90 ശതമാനം ഒമാന്‍ സ്വദേശികളും ഇന്ത്യയിലെ ആശുപതികളില്‍ എത്തുന്നുണ്ടെന്നും തങ്ങള്‍ക്കു ലഭിക്കുന്ന ചികിസയില്‍ സംതൃപ്തരാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയ വിദേശ ചികിത്സ സമിതി വൈസ് ചെയര്‍മാന്‍ ഡോക്ടര്‍; മുഹമ്മദ് അല്‍ സജുവാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മറ്റു വികസിത രാജ്യങ്ങളെക്കാള്‍ കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ഇന്ത്യയില്‍ ലഭിക്കുന്നു എന്നതിനാല്‍, രാജ്യത്തു എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വളര്‍ച്ച രേഖപെടുത്തുന്നുവെന്നു ഇന്ത്യന്‍ നിന്നും വന്ന പ്രതിനിധികള്‍ പറഞ്ഞു. പുതിയ വിസ നിബന്ധനകള്‍ പ്രകാരം ഇന്ത്യയിലെ മികച്ച ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയോടു കൂടിയ മള്‍ട്ടി എന്‍ട്രി വിസയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചട്ടുണ്ട്. ഇത് വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ആരോഗ്യ രംഗത്തിനു കൂടുതല്‍ സാധ്യതകള്‍ വഴി തുറക്കുമെന്നും ബിസിനസ്സ് മീറ്റ് വിലയിരുത്തി.