ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ആശുപത്രികളും, പോളി ക്ലിനിക്കുകളും പൂര്‍ണമായും ക്യാഷ്‌ലെസ്സ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നു. രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇലക്ട്രോണിക് നിയന്ത്രണത്തില്‍ ആക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഈ മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

2017 ജനുവരി ഒന്ന് മുതല്‍ ഒമാനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, ആശുപത്രികളിലെയും കൗണ്ടറുകള്‍ ക്യാഷ്‌ലെസ്സ് ആക്കി മാറ്റി. റോയല്‍ ഹോസ്പിറ്റല്‍, അല്‍ നാഥാ ഹോസ്പിറ്റല്‍, സീബ് പോളി ക്ലിനിക്ക് എന്നിവിടങ്ങളില്‍ ജനുവരി ഒന്ന് മുതല്‍ ക്യാഷ്‌ലെസ്സ് കൗണ്ടറുകളായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

100 ഒമാനി ബൈസ മുതലുള്ള ഇടപാടുകള്‍ക്കെല്ലാം ഡെബിറ്റ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡുകള്‍ മാത്രമായിരിക്കും ഇനിയും മുതല്‍ സ്വീകരിക്കുക. എന്നാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇളവ് നല്‍കും. ബാങ്ക് കാര്‍ഡില്ലാത്തവരില്‍ നിന്ന് പണം നേരിട്ട് സ്വീകരിക്കും.

നിശ്ചിത കാലാവധിക്കകം ആശുപത്രി കൗണ്ടറുകള്‍ പൂര്‍ണമായും ക്യാഷ്‌ലെസ്സ് ആക്കണമെന്ന് നിര്‍ദേശമില്ലെങ്കിലും, സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇലക്ട്രോണിക് നിയന്ത്രണത്തില്‍ ആക്കുകയാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും സാമ്പത്തിക ഇടപാടുകള്‍ ഒരു കുടക്കീഴീല്‍ കൊണ്ടുവരിക എന്ന ലക്ഷ്യവും, ക്യാഷ്‌ലെസ്സ് കൗണ്ടര്‍ പദ്ധതിക്ക് പിന്നിലുണ്ട്.

റോയല്‍ ഒമാന്‍ പോലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരത്തെ ഇലക്ട്രോണിക് നിയന്ത്രണ സംവിധാനത്തിലേക്ക് വന്നിരുന്നു.