മസ്ക്കറ്റ്: അടുത്ത ആറു മാസത്തിനുള്ളിൽ 25,000 സ്വദേശികൾക്കു തൊഴിൽ നൽകുവാനുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് ഒമാൻ മന്ത്രിസഭാ കൗൺസിൽ. പൗരന്മാർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ദേശിയ ഉത്തര വാദിത്തത്തിന്‍റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് ഒമാൻ ഉപപ്രധാനമന്ത്രി സൈദ് ഫഹദ് മഹമൂദ് അൽ സൈദ് വ്യക്തമാക്കി.

87 തസ്തികളിലേക്കു വിദേശികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തലാക്കി കൊണ്ടും ഒമാൻ മാനവ വിഭവ ശേഷി മന്ത്രലയം വിജ്ഞാപനം പുറപെടിവിച്ചിട്ടുണ്ട്. ഒമാനിലെ വിവിധ സർക്കാർ വകുപ്പുകൾ സ്വകാര്യ മേഖലയുടെ പൂർണ സഹകരണത്തോടു കൂടിയാണ് അടുത്ത ആറു മാസത്തിനുള്ളിൽ ഇരുപത്തി അയ്യായിരം സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതിന് നടപടികൾ പൂർത്തീകരിക്കുന്നത്.

നിലവിലെ സാമ്പത്തിക പ്രശ്‍നങ്ങളെക്കാൾ തൊഴിൽ വിപണി ശക്തിപെടുത്തുക എന്നതാണ് വലിയ വെല്ലുവിളിയെന്നും , അത് മറികടക്കുവാൻ ഒമാൻ സർക്കാർ വേണ്ട നടപടികൾ സൂക്ഷമമായി നടപ്പിലാക്കി വരുന്നുണ്ടെന്നും ഒമാൻ ഉപപ്രധാനമന്ത്രി സൈദ് ഫഹദ് മഹമൂദ് അൽ സൈദ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു .സ്വദേശീവൽക്കരണ നടപടികൾ നടപ്പിലാക്കി വരുന്നത് മന്ത്രി സഭാ കൗൺസിലിന്‍റെ നിരീക്ഷണത്തിൽ ആണ്.

ഈവർഷം ജനുവരി ഒന്ന് മുതൽ ഇരുപത്തി രണ്ടാം തിയതി വരെ 3454 ഒമാൻ സ്വദേശികൾക്കു വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചു കഴിഞ്ഞു. ജനുവരി മുപ്പത്തി ഒന്നാം തിയതി വരെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ അന്വേഷകര്‍ക്ക് അഭിമുഖങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്വദേശികള്‍ക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിന്‍റെ ഭാഗമായി , എൺപത്തിഏഴ് തസ്തികയിലേക്കു വിദേശികൾക്കുള്ള വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെച്ചു കൊണ്ട് തൊഴിൽ മന്ത്രാലയം വിജ്ഞാപനവും പുറപെടുവിച്ചിട്ടുണ്ട്.

വിവര സാങ്കേതിക രംഗം , സാമ്പത്തിക രംഗം , മാർക്കറ്റിംഗ് & സെയിൽസ് , അഡ്മിനിസ്ട്രേഷൻ, ഇൻഷുറൻസ് , മാധ്യമ മേഖല , ആരോഗ്യരംഗം , വിമാനത്താവളം , എഞ്ചിനിയേർസ് , സാങ്കേതിക വിദഗ്ദ്ധർ എന്നീ മേഖലകളിലേക്കുള്ള വിസ നിരോധനമാണ് നിലവിൽ വന്നിട്ടുള്ളത്.