തൊഴിൽ മാറാന്‍ നിലവില്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ നോ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റ് നൽകണം

ഒമാന്‍: ഒമാനിൽ പ്രവാസികൾക്ക് തൊഴിൽ മാറാൻ നിർബന്ധമാക്കിയ എൻ.ഓ.സി നിയമം തൊഴിലന്വേഷകരെ പ്രതിസന്ധിയിലാക്കുന്നു. 2014 മുതലാണ് നിയമം ഒമാനില്‍ കർശനമാക്കിയത്. എൻ.ഓ.സി നിയമം മൂലം മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് പ്രവാസികളാണ് തൊഴിൽ മാറ്റ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. 

രാജ്യത്ത് വിദേശികൾ പുതിയ സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറുന്ന സാഹചര്യത്തിൽ, ജോലി ചെയ്തിരുന്ന കമ്പനിയുടെ നോ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കണം. അല്ലാത്ത പക്ഷം രണ്ട് വര്‍ഷത്തിന് ശേഷം മാത്രമെ പുതിയ ജോലിയില്‍ പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ സ്വദേശികളുടെ തൊഴിൽ അവസരങ്ങൾക്ക് കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ, എൻ.ഓ.സി നിയമം സ്വദേശികളുടെ തൊഴിൽ സാധ്യതയ്ക്ക് പ്രയോജനപ്പെട്ടില്ല എന്നാണ് തൻഫീദിന്റെ നിർവാഹകസമിതി പുറത്തിറക്കിയ ആദ്യ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രാജ്യത്ത് എന്‍.ഒ.സി നിയമം തുടരുന്ന വിഷയത്തിൽ ഒമാൻ സർക്കാർ കഴിഞ്ഞ വര്‍ഷം പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഈ നിയമം റദ്ദാക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.