മസ്ക്കറ്റ്: ഒമാനിൽ മൂന്നു തസ്തികളിൽ നിലനിൽക്കുന്ന താല്‍ക്കാലിക വിസാ നിരോധം ആറുമാസത്തേക്ക് കൂടി നീട്ടി ജനുവരി ഒന്നുമുതല്‍ നിരോധം നിലവില്‍ വന്നതായി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം വിജ്ഞാപനം ഇറക്കി. 

തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി വിസാ നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നും ഒമാൻ മാനവ വിഭവ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് മരപ്പണി, കൊല്ലൻ, ഇഷ്ടിക നിർമാണം തുടങ്ങിയ മേഖലകളിലേക്കാണ് വിസ അനുവദിക്കുന്നത് ആറ് മാസത്തേക്ക് കൂടി നിര്‍ത്തിവെച്ചിരിക്കുന്നത്.

2014 മുതലാണ് ആറ് മാസത്തേക്ക് വീതം ഇത്തരം ജോലികള്‍ക്ക് വിസാ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്.
പിന്നീട് ഓരോ ആറ് മാസക്കാലവും നിയന്ത്രണ കാലാവധി നീട്ടുകയായിരുന്നു. ജനുവരി ഒന്ന് മുതൽ പുതിയ നിയന്ത്രണവും പ്രാബല്യത്തില്‍ വന്നു.

എന്നാല്‍, നിയന്ത്രണം പുതിയ വിസ അനുവദിക്കുന്നതില്‍ മാത്രമാണെന്നും നിലവിലുള്ള ജീവനക്കാർക്ക് വിസ പുതുക്കുവാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

എക്‌സലന്‍റ്, ഇന്റര്‍നാഷനല്‍ ഗ്രേഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിസ അനുവദിക്കും. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ് എന്നീ ജോലികള്‍ക്കുള്ള വിസാ നിരോധനം തുടരാന്‍ കഴിഞ്ഞ മാസം മാനവവിഭവ മന്ത്രാലയം തീരുമാനിച്ചിരുന്നു.