മസ്കത്ത്: ഒമാനിൽ 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മലയാളികളുടെ മോചനത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്ത്. പലരും തെറ്റിദ്ധാരണയുടെ പുറത്താണ് തടവിലായതെന്നും ഒമാൻ ഭരണകൂടം ശിക്ഷാ ഇളവുകൾ നൽകിയിട്ടും മോചനത്തിന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
20 വർഷങ്ങൾക്ക് മുമ്പാണ് ആബിദ ഭർത്താവ് ഷാജഹാനെ അവസാനമായി ഒന്നുകാണുന്നത്. പിന്നെ കിട്ടിയ വാർത്ത, ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജഹാൻ ജീവപര്യന്തം തുറങ്കിലടയ്ക്കപ്പെട്ടെന്നും. ഒമാനിൽ സെയിൽസ് മാനായിരുന്നു ഷാജഹാൻ..തൊട്ടടുത്ത കടയിലെ ജീവനക്കാരുടെ ആവശ്യത്തിന് കട്ടർ നൽകുകമാത്രമാണ് ഷാജഹാൻ ചെയ്തത്.
എന്നാൽ അവരിതുപയോഗിച്ച് ബാങ്ക് കവർച്ച നടത്തുകയും സുരക്ഷാജീവനക്കാരനെ തലക്കടിച്ച് കൊല്ലുകയും ചെയ്തു. ഈ കേസിലാണ് കല്ലമ്പലം സ്വദേശി ഷാജഹാനും പ്രതിചേർക്കപ്പെട്ടത്. ഒരുപങ്കുമില്ലെങ്കിലും ഷാജഹാന് ജീവരപര്യന്തം തടവ്. എംബസിയെ വരെ സമീപിച്ചിട്ടും നീതികിട്ടിയില്ല. ഷാജഹാനെപ്പോലെ എട്ട് പേരുണ്ട് ഒമാൻ ജയിലിൽ പുറംലോകം കൊതിച്ച് കിടക്കുന്നവർ. തെറ്റിദ്ധാരണയുടെ പേരില്‍ അഴിക്കുളളിലായവരാണിവര്‍. ഇവരെ പുറത്തിറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നാണ് ഉറ്റവരുടെ ആവശ്യം.
