പരിഷ്‍കരിച്ച ഒമാനി ശിക്ഷാനിയമത്തിന്‍റെ കരട് രൂപത്തിന് ഭേദഗതികളോടെ സ്റ്റേറ്റ് കൗണ്‍സിലിന്റെ അംഗീകാരം. രണ്ടു ദിവസം നീണ്ട ചര്‍ച്ചക്കും വിശകലനങ്ങള്‍ക്കും ഒടുവിലാണ് കരട് നിയമത്തിന് അംഗീകാരമായത്.

1974 മുതല്‍ നിലവിലുള്ള നിയമം സാമ്പത്തിക, സാങ്കേതിക കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിഷ്‍കരിച്ചത്. വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയുമാണ് കരട് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ആത്മഹത്യാ ശ്രമത്തിന് ആറുമാസം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാഗം റദ്ദാക്കാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ വോട്ടിങ്ങിലൂടെ തീരുമാനിച്ചു. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വ്യക്തിക്ക് ശിക്ഷയല്ല സഹായമാണ് ലഭിക്കേണ്ടതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇത് വോട്ടിനിട്ടത്. ലൈംഗിക പീഡനത്തിന് മൂന്നുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍‌ 264ഉം വോട്ടിങ്ങിലൂടെ ഭേദഗതി ചെയ്‍തു. പരമാവധി ശിക്ഷ ഒരുവര്‍ഷം മുതല്‍ അഞ്ചു വര്‍ഷമായാണ് ഉയര്‍ത്തിയത്. സാമൂഹിക കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഡോ. വഫാ അല്‍ ഹറാസിയാണ് ലൈംഗിക പീഡനത്തിനുള്ള ശിക്ഷ അപര്യാപ്‍തമാണെന്ന് അഭിപ്രായപ്പെട്ടത്. സ്‌ത്രീക്ക് ആക്രമണത്തിലൂടെ ശാരീരികമായി മാത്രമല്ല മാനസിക പരമായും ആഘാതം ഏല്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. വ്യഭിചാരത്തിന് ആറുമാസം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. യാചനക്ക് മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവും 50 മുതല്‍ 100 റിയാല്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 303നോടും ചില അംഗങ്ങള്‍ വിയോജിച്ചു. ചികിത്സാ പിഴവുകള്‍, മതത്തെ അപമാനിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളും കൗണ്‍സില്‍ ചര്‍ച്ചചെയ്‍തു. ഭേദഗതികള്‍ മജ്ലിസ് അല്‍ ശൂറ വിലയിരുത്തിയശേഷം സ്റ്റേറ്റ് കൗണ്‍സിലിന് തിരിച്ച്ല്‍കും. ആധുനിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് ശിക്ഷാ നിയമം പരിഷ്‍കരിച്ചത്.