എല്ലാ വര്‍ഷവും 50,000 വിദ്യാര്‍ത്ഥികള്‍ ആണ് രാജ്യത്തെ  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിവിധ തലങ്ങളില്‍  പഠനം പൂര്‍ത്തിയാക്കി ഒമാനിലെ തൊഴില്‍ വിപണിയില്‍  ജോലിക്കായി എത്തുന്നത്.

ഒമാന്‍: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം കാര്യക്ഷമമല്ലെന്ന് ഒമാന്‍ മജ്‍ലിസ് ശുറാ അംഗം ത്വഫിക്കിന്റെ വിമര്‍ശനം. അര ലക്ഷത്തിലേറെ ഒമാനി വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ട്. പക്ഷേ ഇവര്‍ക്ക് യോഗ്യതയ്‌ക്ക് അനുസരിച്ചുള്ള തൊഴില്‍ ലഭിക്കുന്നില്ലെന്നും ത്വഫിക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എല്ലാ വര്‍ഷവും 50,000 വിദ്യാര്‍ത്ഥികള്‍ ആണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിവിധ തലങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി ഒമാനിലെ തൊഴില്‍ വിപണിയില്‍ ജോലിക്കായി എത്തുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി മാത്രം സര്‍ക്കാര്‍ ചിലവഴിച്ചു വരുന്നത് രണ്ട് ബില്യണ്‍ ഒമാനി റിയാലാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തുന്ന സ്വദേശികള്‍ക്കു സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ലഭിക്കുന്നില്ലെന്ന് മജ്‍ലിസ് ശുറാ അംഗം ത്വഫിക്. പറഞ്ഞു .

ഒന്നുകില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തെ തൊഴില്‍ വിപണിക്ക് അനുസരിച്ച് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശീലിപ്പിക്കുന്നില്ല. അല്ലെങ്കില്‍ ഉയര്‍ന്ന തസ്തികയില്‍ സ്വകാര്യമേഖലയില്‍ അവര്‍ക്കു തൊഴില്‍ അവരസരങ്ങള്‍ നിഷേധിക്കപെടുന്നു. പക്ഷേ സ്വകാര്യ കമ്പനികളില്‍ താഴ്ന്ന തസ്തികകളായ പി.ആര്‍.ഒ ഡ്രൈവര്‍, അവിദഗ്‌ദ തൊഴിലുകള്‍ തുടങ്ങിയ രംഗങ്ങളില്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭിക്കുന്നുണ്ടെങ്കിലും ഇത് മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാനപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് എന്നി മേഖലകളില്‍ ഉയര്‍ന്ന തസ്തികയില്‍ സ്വദേശികള്‍ വിജയകരമായി ജോലി ചെയ്തു വരുന്നത് സ്വകാര്യ കമ്പനികള്‍ പഠന വിഷയമാക്കേണ്ടതാണെന്നും ത്വാഫിക് ലാവാട്ടി പറഞ്ഞു. ഏകദേശം ഇന്ന് രാജ്യത്ത് 1.5 ലക്ഷത്തോളം വിദേശികളായ ബിരുദധാരികള്‍ ജോലി ചെയ്തുവരുന്ന തസ്തികകള്‍ ഘട്ടംഘട്ടമായി സ്വദേശികള്‍ക്കായി മാറ്റി വയ്‌ക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ത്വാഫിക് വ്യക്തമാക്കി.

ഉയര്‍ന്ന തസ്തികളിലേക്ക് പരിചയ സമ്പന്നരായ സ്വദേശികളുടെ കടന്നു വരവ് മലയാളികളടക്കമുള്ള വിദേശികളുടെ അവസരങ്ങള്‍ കുറക്കുമെന്ന് വിലയിരുത്തപെടുന്നു.