ഒമാനിലെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ 14 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. രാജ്യത്തിന്റെ മൊത്തം ഉത്പന്നങ്ങളുടെ കയറ്റുമതിയിലും 10.3%ത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.
ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 751.80 ദശലക്ഷം ഒമാനി റിയാലായിരുന്നു കയറ്റുമതി. ഇത് 2016ല്‍ 659.4 ദശലക്ഷം ഒമാനി റിയാല്‍ ആയിരുന്നു. 14 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒമാന്‍ ദേശീയ സ്ഥിതി വിവര മന്ത്രാലയം പ്രസിദ്ധികരിച്ച ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരമാണ് കയറ്റുമതിയിലെ വര്‍ദ്ധനവ് സൂചിപ്പിച്ചിരിക്കുന്നത്. രാസ വസ്തുക്കള്‍ , പ്ലാസ്റ്റിക്, അടിസ്ഥാന ലോഹ ഉല്പന്നങ്ങള് എന്നിവയുടെ കയറ്റുമതിയിലാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തിന്റെ മൊത്തം ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും 10.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2016ല്‍ 2586.4 ദശലക്ഷം ഒമാനി റിയാലിന്റെ ആകെ കയറ്റുമതിയായിരുന്നു ആകെ നടന്നത്. ഇത് ഈ വര്‍ഷം 2,852.4 ദശലക്ഷം റിയാലായിട്ടാണ് വര്‍ധിച്ചത്. എണ്ണ, പ്രകൃതി വാതക കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ 28.4 ശതമാനം വര്‍ധനവാണ് രേഖപെടുത്തിയിരിക്കുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍ ഒമാനി ഉത്പന്നങ്ങളുടെ നിരവധി പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്.
