മസ്കറ്റ്: ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി അറിയിച്ചു. പുതിയ നിയമത്തിന്റെ രൂപകല്‍പന പൂര്‍ത്തിയായികഴിഞ്ഞതിനാല്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നും മന്ത്രി ഷെയ്‌ക്ക് അബ്ദുല്ലാഹ് ബിന്‍ നാസര്‍ പറഞ്ഞു. തന്‍ഫീദ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നത്.

എണ്ണ, പ്രകൃതി വാതക മേഖലക്ക് പുറത്ത് നിന്നും സര്‍ക്കാറിന് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ രൂപീകരിക്കുകയാണ് തന്‍ഫീദ് പഠനത്തില്‍ ലക്ഷ്യമാക്കിയത്. രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക്, പുതിയ തൊഴില്‍ നിയമം കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് മന്ത്രി അബ്ദുല്ല നാസ്സര്‍ പറഞ്ഞു.

പരിഷ്‌കരിക്കേണ്ടതും പുതിയതായി ഉള്‍പ്പെടുത്തേണ്ടതുമായ തൊഴില്‍ നിയമങ്ങളെ കുറിച്ച് റോയല്‍ ഒമാന്‍ പോലീസും മാനവവിഭവ ശേഷി മന്ത്രാലയവും പരിശോധന നടത്തിയാണ് പുതിയ തൊഴില്‍ നിയമം നടപ്പില്‍ ആക്കുന്നത്.മന്ത്രാലയത്തിന് കീഴിലെ നിയമ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക സമിതിയാണ് പുതിയ നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയിരിക്കുന്നത്.

എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം കണ്ടെത്തുന്നതിന് കഴിഞ്ഞ വര്‍ഷം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പരിശോധനകള്‍ നടത്തിയിരുന്നു.തൊഴില്‍ മേഖലയില്‍ പരിഷ്‌കരണം കൊണ്ടുവന്ന് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ഇതിലൂടെ കണ്ടെത്തിയിരുന്നു. റോയല്‍ ഒമാന്‍ പോലീസിന്റെയും മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെയും കീഴില്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷമാണ് നിയമ പരിഷ്‌കരണം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്.