ഈ മാസം 24നാണ് വിസാ നിരോധനം ദീര്‍ഘിപ്പിക്കാന്‍ മന്ത്രാലയം തീരുമാനമെടുത്തത്. മരപ്പണിക്കാര്‍, ലോഹ സംസ്‌കരണ തൊഴിലാളികള്‍, ഇരുമ്പു പണിക്കാര്‍, ബ്രിക്‌സ് തൊഴിലാളികള്‍ എന്നിവര്‍ക്ക് അടുത്ത ആറു മാസം കൂടി പുതിയ വിസ അനുവദിക്കില്ല. തീരുമാനം ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2014 ജനുവരി മുതലാണ് ഈ ജോലികളിലേക്കുള്ള വിസാ നിയന്ത്രണം നിലവില്‍ വന്നത്. മറ്റു വിഭാഗങ്ങളിലെ വിസാ നിരോധനം ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം ജൂലൈ ഒന്ന് മുതലും നിലവില്‍ വരും.

നിര്‍മാണ ജോലിക്കാര്‍ക്കും ക്ലീനിംഗ് തൊഴിലാളികള്‍ക്കും പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കാനുള്ള മാനവവിഭവ മന്ത്രാലയത്തിന്റെ തീരുമാനം 2013 നവംബറിലാണ് പ്രാബല്യത്തില്‍ വന്നത്. സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലയിലെ വിസാ നിരോധനം 2015 ഡിസംബറിലും നിലവില്‍ വന്നു. പുതിയ വിസ അനുവദിക്കുന്നതിനുള്ള നിരോധനം മാത്രമാണ് തുടരുന്നതെന്നും വിസ പുതുക്കുന്നതിന് പ്രയാസമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, എക്‌സലന്റ് കമ്പനികള്‍, ഇന്റര്‍നാഷനല്‍ ഗ്രേഡിലുള്ള കമ്പനികള്‍, സര്‍ക്കാര്‍ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കണ്‍സള്‍ട്ടന്‍സികള്‍ എന്നിവര്‍ക്ക് വിസാ നിരോധനം ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.