മസ്‌ക്കറ്റ്: ഒമാനില്‍ പുതിയ ഖനന നയം ആറുമാസത്തിനുള്ളില്‍ നിലവില്‍ വരും. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രാദേശിക വിദേശ നിക്ഷേപകരെ കൂടുതല്‍ ഉള്‍പെടുത്തി ആയിരിക്കും പുതിയ നയം രൂപീകരിക്കുക. ധാതു ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം പതിനാലു ശതമാനം കുറവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിക്ഷേപ സാധ്യതകള്‍, തൊഴില്‍ മേഖല, പരിസ്ഥിതി, എന്നിവ പരിഗണിച്ചായിരിക്കും പുതിയ നയം രൂപീകരിക്കുക. വാണിജ്യ വ്യവസായ മേഖലക്കും, പരിസ്ഥിതിക്കും കോട്ടം ഉണ്ടാക്കാത്ത രീതിയിലും വളരെ ലളിതമായി നടപ്പിലാക്കുവാന്‍ സാധിക്കുന്ന നയമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
എണ്ണയിതര സമ്പദ്വ്യവസ്ഥയില്‍ ഖനന മേഖലയുടെ പങ്ക് ഉയര്‍ത്തുകയാണ് പുതിയ. ഖനനനയം വഴി ലക്ഷ്യമിടുന്നത്. അടുത്ത പത്തു വര്‍ഷം മുന്നില്‍ കണ്ടാണ് പുതിയ നയം രൂപീകരിക്കുക. ധാതു നിക്ഷേപം ഒമാനില്‍ വളരെ കൂടുതല്‍ ആയതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നുണ്ട്. നിലവില്‍ ധാതുക്കളുടെ രണ്ട് രീതിയിലുള്ള കയറ്റുമതിക്കാണ് ഒമാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
സമൃദ്ധമായി ലഭിക്കുന്ന ചുണ്ണാമ്പ് കല്ല് അസംസ്‌കൃത രൂപത്തില്‍ കയറ്റിയയക്കാന്‍ അനുമതിയുണ്ട്. അതേസമയം മാര്‍ബിളിന്റെ അസംസ്‌കൃത രൂപത്തിലുള്ള കയറ്റുമതി നിരോധിച്ചിട്ടുണ്ട്. 2016ല്‍ ഒമാനില്‍ നിന്നും 472 ദശലക്ഷം ഒമാനി റിയാലിന്റെ ധാതുഉല്‍പന്നങ്ങളാണ് കയറ്റിയയച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ പതിനാലു ശതമാനം കുറവായിരുന്നു.
