ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്നും ഹൈക്കോടതിവിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അവധിയായതിനാല്‍ കേസ് ഇന്ന് പരിഗണിക്കുന്നത് തീരുമാനിയ്‌ക്കാന്‍ രജിസ്ട്രാര്‍ ജനറലിനെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
രാവിലെ പത്തരയ്‌ക്ക് കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അപ്പീല്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അവധിയായതിനാല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്‍ജിയായ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ഹൈക്കോടതി വിധിയ്‌ക്ക് സ്റ്റേ വേണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചീഫ് ജസ്റ്റിസും രജിസ്ട്രാര്‍ ജനറലുമാണ് കേസ് എപ്പോള്‍ പരിഗണിയ്‌ക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ അഭാവത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രജിസ്ട്രാര്‍ ജനറലിനെ സമീപിയ്‌ക്കാനും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് തന്നെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യമുന്നയിച്ച് രജിസ്ട്രാര്‍ ജനറലിന് അപ്പീല്‍ നല്‍കും. അപ്പീല്‍ പരിശോധിയ്‌ക്കുന്ന രജിസ്ട്രാര്‍ ജനറല്‍ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയ ശേഷം ഹര്‍ജി ഇന്നോ തിങ്കളാഴ്ചയോ പരിഗണിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ബജറ്റ് നിയമസഭ പാസ്സാക്കിയിട്ടില്ലെന്നും അപ്പീലില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഭരണപ്രതിസന്ധിയുള്ളതിനാലാണ് 356 ആം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. അതേസമയം, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡില്‍ സംസ്ഥാനഭരണം വീണ്ടും ഏറ്റെടുത്ത മുഖ്യമന്ത്രി ഹരീഷ് റാവത്ത് മന്ത്രിസഭായോഗം വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‍തു. ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളായി നടപ്പാക്കിത്തുടങ്ങുമെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.
