ഡറാഡൂണ്‍: ക്ലാസിലുണ്ടായിരുന്ന അധ്യാപികയ്യ്ക്ക് സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയുടെ വക അധിക്ഷേപം.സ്ഥിതിഗതകള്‍ വിലയിരുത്താനെത്തിയ മന്ത്രി ക്ലാസിലുണ്ടായിരുന്ന അധ്യാപികയെ കണക്ക് പഠിപ്പിക്കാന്‍ തുനിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കണക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുകയായിരുന്ന അധ്യാപികയോട് മന്ത്രിയുടെ ചോദ്യം ഇങ്ങനെയായിരുന്നു: മൈനസ് പ്ലസ് മൈനസ് എത്ര( - + - = ?) ടീച്ചറുടെ ഉത്തരം മൈനസ് എന്നായിരുന്നു. എന്നാല്‍ ശരയുത്തരം പറഞ്ഞ അധ്യാപികയെ വിദ്യാഭ്യാസമന്ത്രി ശകാരിച്ചു. അതോടൊപ്പം തന്നെ ഇതിന്റെ ഉത്തരം പ്ലസ് ആണെന്ന സ്ഥാപിക്കുകയും ചെയ്തു.
വിദ്യാര്‍ഥികളുടെ മുമ്പില്‍ വച്ചായിരുന്നു മന്ത്രിയുടെ കണക്ക് പഠിപ്പിക്കല്‍. ഇതുകൊണ്ടും തീര്‍ന്നില്ല മന്ത്രിയുടെ ക്ലാസ്. -1 പ്ലസ് -1 എത്രയാണെന്നായിരുന്നു അടുത്ത ചോദ്യം. -2 ആണ് ഉത്തരമെന്ന് അധ്യാപിക മറുപടി പറഞ്ഞു. എന്നാല്‍ ഇതിന്റെ ഉത്തരം പൂജ്യം ആണെന്നായിരുന്നു മന്ത്രിയുടെ വാദം. അതേസമയം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയ പുസ്തകത്തിന് പകരം ഗൈഡ് ഉപയോഗിച്ച് പഠിപ്പിച്ചതിനും മന്ത്രി അധ്യാപികയെ ശകാരിക്കുന്നുണ്ട്.
അധ്യാപികയെ ക്ലാസ് റൂമില്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി അരവിന്ദ് പാണ്ഡെയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രി രാജിവയ്ക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം സദുദ്ദേശ്യത്തോടെയാണ് സ്‌കൂള്‍ സന്ദര്‍ശിച്ചതെന്നും നിലവിലെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിയുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ പറയുന്നു.
