തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലും ഓണാഘോഷത്തിന് നിയന്ത്രണം. ജോലി സമയത്തുള്ള ആഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. ഓഫീസ് സമയത്ത് യാതൊരുവിധ ആഘോഷ പരിപാടികളും അനുവദിക്കില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 

ഓണസദ്യ, ഭക്ഷ്യവസ്തുക്കളുടെ വിതരണം, ഓഫീസിനകത്ത് കച്ചവടക്കാരുടെ വില്‍പ്പന തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. ഓഫീസ് സമയത്തുള്ള ഇത്തരം നടപടികള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കാട്ടി, വൈസ് ചാന്‍സലര്‍ക്ക് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.