ഗള്‍ഫിലെ പ്രവാസി മലയാളികള്‍ ഓണം ആഘോഷിച്ചു. ഓണക്കോടിയുടുത്ത് ഫ്ലാറ്റുകളില്ലും വില്ലകളിലും ഒത്തുകൂടിയായിരുന്നു പലരുടേയും ആഘോഷം. പ്രവര്‍ത്തി ദിനമായതിനാല്‍ വാരാന്ത്യത്തിലേക്ക് ആഘോഷങ്ങള്‍ മാറ്റിയവരും കുറവല്ല.

പൂവും പൂക്കളവും പൂവിളിയുമായി ഗള്‍ഫ് മലയാളികളും ഓണം ആഘോഷിച്ചു. ഓണക്കോടികളുടുത്ത് അടുത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താമസ സ്ഥലങ്ങളില്‍ ഒത്തുകൂടി, പ്രവാസികള്‍ ഗൃഹാതുരത്വത്തിന്റെ പൊന്നോണ ഓര്‍മ്മകള്‍ പങ്കിട്ടു. കുടുംബമായി താമസിക്കുന്നവര്‍ കൂട്ടുകാരെയും പ്രിയപ്പെട്ടവരെയും ക്ഷണിച്ച് ഓണമാഘോഷിക്കുന്ന സൗഹൃദ കൂട്ടങ്ങള്‍ ഗള്‍ഫ് നാടുകളില്‍ സജീവമാണ്. 30 കൂട്ടം വിഭവങ്ങളുമായി ഓണ സദ്യയൊരുക്കി കെങ്കേമമായിത്തന്നെയാണ് ഗള്‍ഫിലെയും ആഘോഷം. കൂട്ടത്തില്‍ പ്രയമായവര്‍, ഗള്‍ഫ് നാടുകളില്‍ തന്നെ ജനിച്ചുവളര്‍ന്ന തലമുറയുമായി ഓണക്കഥകളും ഐതിഹ്യങ്ങളും പങ്കുവെച്ചു. തിരുവാതിരയും വടംവലിയും ആഘോഷങ്ങള്‍ ആര്‍ഭാടമാക്കി. ഇന്ന് പ്രവൃത്തി ദിനമായതിനാല്‍ ഓണാഘോഷം വാരാന്ത്യത്തിലേക്ക് മാറ്റിയവരും കുറവല്ല. വിവിധ കൂട്ടായ്മകളുടേത് അടക്കം വരുന്ന രണ്ട് മാസം ഗള്‍ഫ് മലയാളികള്‍ ഇനി ഓണാഘോഷ തിരക്കിലാവും.