തിരുവനന്തപുരം: ആയിരത്തിലധികം കലാകാരന്മാരും 75ലേറെ ഫ്‌ലോട്ടുകളും അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാകും ഇത്തവണത്തെ ഓണം വാരാഘോഷം സമാപിക്കുക. പത്ത് ഇതര സംസ്ഥാന കലാരൂപങ്ങളും ഘോഷയാത്രയില്‍ ഉണ്ടാകും. ഞായറാഴ്ച വൈകിട്ട് 5.30ന് ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്രക്ക് തുടക്കമാകും.
ആദ്യം അശ്വാരൂഢസേന. പിന്നില്‍ കേരളീയ വേഷം ധരിച്ച 100പുരുഷന്മാര്‍. മോഹിനിയാട്ട നര്‍ത്തകിമാര്‍, വേലകളി, കഥകളി. പടയണി. പുലിയാട്ടം അങ്ങനെ നിരവധി കലാരൂപങ്ങള്‍. മയൂരനൃത്തം, പരുന്താട്ടം, അര്‍ജുന നൃത്തം അങ്ങനെ വ്യത്യസ്ത കലാരൂപങ്ങളും. പൊയ്ക്കാല്‍ നൃത്തവും ബൊമ്മക്കളിയും ആഫ്രിക്കന്‍ നൃത്ത രൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് സംവിധാനവുമൊരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവുമുണ്ടാകും. മികച്ച ഫ്‌ലോട്ടുകള്‍ക്ക് ഗവര്‍ണര്‍ സമ്മാനം നല്‍കും. 37 ലക്ഷം രൂപയാണ് ഇത്തവണ ഓണം വാരാഘോഷത്തിനായി ഇത്തവണ ചെലവഴിച്ചത്. സിനിമാതാരം മഞ്ജുവാര്യരുടെ നൃത്തപരിപാടിയും സമാപന സമ്മേളത്തിലുണ്ടാകും.
