ഒഞ്ചിയം: സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ വിട്ടയച്ചു. ആര്‍എസ്എസ് സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

ഒരിടവേളക്ക് ശേഷം കഴിഞ്ഞ രാത്രിയോടെയാണ് ഒഞ്ചിയം വീണ്ടും അശാന്തമായത്. ആര്‍എംപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരും ആര്‍എംപി പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സിപിഎം ആര്‍എംപി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലില്‍ 9 പേര്‍ക്ക് വെട്ടേറ്റു. പ്രദേശത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നു. പാര്‍ട്ടി ഓഫീസില്‍ ആയുധം സൂക്ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ വിട്ടയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 14 ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെയും 5 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും എടച്ചേരി പോലീസ് കേസെടുത്തു. എന്‍.വേണുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആര്‍എംപി ആശങ്കപ്പെടുന്നു. കാലങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായാണ് കൊയിലാണ്ടി പുളിയഞ്ചേരിയില്‍ ആര്‍എസ്എസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ഒഞ്ചിയത്തും കൊയിലാണ്ടിയിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.