ഇരിങ്ങാലക്കുടയിൽ ബ്യൂട്ടി പാർലർ നടത്തുന്ന റിയ എന്ന സ്ത്രീ മിസ് കോൾ വഴിയാണ് വൃദ്ധനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് നെടുമ്പാശേരിയിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി.
കൊച്ചി: നഗ്നദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധന്റെ കയ്യിൽ നിന്നും പണം തട്ടിയ സംഘത്തിലെ ഇടനിലക്കാരൻ ആലുവയിൽ പിടിയിലായി. സംഘത്തിലെ മുഖ്യപ്രതിയായ ഇരിങ്ങാലക്കുട സ്വദേശി റിയക്ക് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. ആലുവ അശോകപുരം സ്വദേശിയായ 67കാരന്റെ പരാതിയിലാണ് ആലുവ പൊലീസ് കേസിലെ ഇടനിലക്കാരനായ പൊമേറോയെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെയാണ്.
ഇരിങ്ങാലക്കുടയിൽ ബ്യൂട്ടി പാർലർ നടത്തുന്ന റിയ എന്ന സ്ത്രീ മിസ് കോൾ വഴിയാണ് വൃദ്ധനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് നെടുമ്പാശേരിയിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി. ഇരുവരും ഒന്നിച്ചുള്ള നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്നും പണം തന്നില്ലെങ്കിൽ വൃദ്ധന്റെ ഭാര്യയേയും മകനേയും കാണിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് വൃദ്ധൻ ആദ്യം അയ്യായിരം രൂപയും പിന്നീട് പന്ത്രണ്ടായിരം രൂപയും റിയയുടെ അക്കൗണ്ടിൽ ഇട്ടു.
എന്നാൽ റിയയുടെ സുഹൃത്തും ഇടനിലക്കാരനുമായ പൊമേറോയും മറ്റൊരാളും ചേർന്ന് വൃദ്ധന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. രണ്ടരലക്ഷം രൂപയാണ് പൊമേറോ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് വൃദ്ധൻ പൊലീസിൽ വിവരം അറിയിച്ചത്. പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പൊമേറോയെ പൊലീസ് കുടുക്കിയത്. റിയയും സംഘത്തിലെ മറ്റൊരാളും ഒളിവിലാണ്.
