കോട്ടയം: എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ സുനില്‍കുമാറിന് വ്യാജരേഖ ഉപയോഗിച്ച് സിം കാര്‍ഡ് എടുത്ത നല്‍കിയ സംഭവത്തില്‍ ഒരാള്‍ കൂടി കോട്ടയത്ത് അറസ്റ്റിലായി. കോട്ടയം ചാലുകുന്ന് സ്വദേശിയും പ്ലേസ്മെന്റ് സ്ഥാപനത്തിന്‍റെ ഉടമയുമായ മാര്‍ട്ടിനാണ് പിടിയിലായത്. 

മാര്‍ട്ടിന്റെ സുഹൃത്ത് മോന്‍സിയും സുനില്‍കുമാറിന്റെ സുഹൃത്ത് ഷൈനി തോമസും ഇന്നലെ അറസ്റ്റിലായിരുന്നു. കാഞ്ഞിരം സ്വദേശിയായ യുവാവിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ആറ് മാസം മുമ്പ് മാര്‍ട്ടിന്‍ സിം എടുത്തത്. കൊച്ചിയിലെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് ഈ സിം മാര്‍ട്ടിന്‍, മോന്‍സി വഴി ഷൈനിക്ക് നല്‍കിയിരുന്നു. ഷൈനിയുടെ കൈയില്‍നിന്നാണ് സിം കാര്‍ഡ് സുനില്‍കുമാറിന് കിട്ടുന്നത്. അറസ്റ്റിലായ മോന്‍സിയെയും ഷൈനി തോമസിനെയും റിമാന്‍ഡ് ചെയ്തു. സുനില്‍കുമാറിനെ കോട്ടയം ഡി.വൈ.എസ്.പി ഗിരിഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.