ഖനിയ്ക്കുള്ളിൽ 200 അടിയോളം താഴ്ച്ചയിലാണ് മൃതദേഹം കിടക്കുന്നതെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേന അറിയിക്കുന്നത്.

ഷില്ലോംഗ്: മേഘാലയയിലെ ഖനിയിൽ കുടുങ്ങി പോയ പതിനഞ്ച് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് ഖനിക്കുള്ളിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ഖനിക്കുള്ളിൽ ഇത്രയും ദിവസം വെള്ളം കെട്ടി കിടന്നിരുന്നതിനാൽ കാണാതായ തൊഴിലാളികളിൽ ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന് വിദ​ഗ്ധർ നേരത്തെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 13 ന് ജയന്തില കുന്നുകളിലെ അനധികൃത ഖനിയിൽ ആണ് അപകടം ഉണ്ടായത്.

ഖനിയ്ക്കുള്ളിൽ 200 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേന അറിയിക്കുന്നത്. ഖനിയിൽ നിന്നും വെള്ളം മാറ്റാനായി നടത്തിയ ശ്രമങ്ങൾ നേരത്തെ പരാജയപ്പെട്ടിരുന്നു. അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത് മുതൽ ഖനിയ്ക്ക് സമീപം പ്രാർത്ഥനകളുമായി കാണാതായ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ നിരാശപ്പെടുത്തി കൊണ്ടാണ് മൃതദേഹം കണ്ടെത്തിയ വാർത്ത പുറത്തു വന്നത്. 

തൊഴിലാളികളാരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് നേരത്തെ തന്നെ വിദഗ്ധർ അറിയിച്ചിരുന്നുവെങ്കിലും ഒരു തൊഴിലാളിയെങ്കിലും ജീവനോടെ ബാക്കിയുണ്ടാവും എന്ന വിശ്വാസത്തോടെ സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തണമെന്ന നിർദേശമാണ് സുപ്രീംകോടതി നൽകിയത്. ഇതേ തുടർന്ന് കിർലോസ്കർ മോട്ടേഴ്സിൽ നിന്നും പ്രത്യേക മോട്ടോർ‌ അടക്കം കൊണ്ടു വന്ന് വെള്ളം പുറത്തേക്ക് കളയുകയായിരുന്നു. 

Scroll to load tweet…