കാണാതായ വാർത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

കോട്ടയം: വൈക്കം എഴുമാന്തുരുത്തിൽ വള്ളംമറിഞ്ഞ് കാണാതായ മാധ്യമ സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് അഗ്നിശമന സേന കണ്ടെത്തിയത്. ഡ്രൈവർ ബിബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഇന്നലെ വള്ളം മറിഞ്ഞതിന്റെ തൊട്ടടുത്തുനിന്ന് തന്നെയാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. ആമ്പൽ വള്ളികളിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് തലകുത്തനെ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. നേവിയും ദേശീയ ദുരന്തനിവാരണ സേനയും ഇന്നത്തെ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ആമ്പൽ വള്ളികളുടെ വലിയ സാന്നിധ്യവും ചെളിയും തിരച്ചിൽ ദുഷ്കരമാക്കുന്ന തായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.വൈകുന്നേരം അഞ്ചുമണിക്ക് കടുത്തുരുത്തി മാന്നാറിലെ വീട്ടുവളപ്പിലാണ് സജിയുടെ സംസ്കാരം.

20 വർഷമായി ആപ്പാഞ്ചിറയിൽ സ്റ്റുഡിയോ നടത്തിവരികയായിരുന്നു സജി. പത്ത് വർഷമായി വിവിധ ദൃശ്യ മാധ്യമങ്ങളുടെ പ്രാദേശിക ലേഖകനായി പ്രവർത്തിക്കുന്നു വൈക്കം കടുത്തുരുത്തി മേഖലകളിലെ ജനകീയ പ്രശ്നങ്ങൾ പൊതു സമൂഹത്തിലെത്തിക്കാൻ എപ്പോഴും സജി ശ്രദ്ധിച്ചിരുന്നു. 

ഭാര്യം വിദ്യാർത്ഥികളായ രണ്ടു മക്കളും ഉണ്ട്. സജിയെ കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ച് ബിബിനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ആരോഗ്യനില തൃപ്തികരം ആയതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന രണ്ടു മാധ്യമപ്രവർത്തകരെയും തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറികളിലേക്ക് മാറ്റി മാതൃഭൂമി കോട്ടയം റിപ്പോർട്ടർ കെ ബി ശ്രീധരൻ ക്യാമറാൻ അഭിലാഷ് എന്നിവരാണ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നത്