കൊടുവളളിയിലെ അമ്മ വീട്ടിലെത്തിയിരുന്നപ്പോഴാണ് അഷ്റഫ് അലിയും സംഘവും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.

കോഴിക്കോട്: കോഴിക്കോട് കൊടുവളളിയില്‍ ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവളളി സ്വദേശി അഷ്റഫ് അലിയാണ് അറസ്റ്റിലായത്. മകളെ ഒന്നിലേറെ പേര്‍ പീഡിപ്പിച്ചതായാണ് രക്ഷിതാക്കളുടെ പരാതി.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു സമീപം ചേളാരിയിലെ 18 കാരിയുടെ രക്ഷിതാക്കളാണ് കൊടുവളളി സ്വദേശി അഷ്റഫ് അലിയും സുഹൃത്തുക്കളും ചേര്‍ന്ന് മകളെ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷമായി പെണ്‍കുട്ടിയുമായി അടുത്ത പുലര്‍ത്തിയ അഷ്റഫ് അലി മകളെ പീഡിപ്പിച്ച ശേഷം മറ്റു മൂന്നു പേര്‍ക്കു കൂടി കൈമാറിയതായി പിതാവ് പറയുന്നു.

കൊടുവളളിയിലെ അമ്മ വീട്ടിലെത്തിയിരുന്നപ്പോഴാണ് അഷ്റഫ് അലിയും സംഘവും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ രാമനാട്ടുകരയില്‍ വച്ച് ഒരു യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

അഷ്റഫ് അലിക്കെതിരെ പീഡനക്കുറ്റം ചുമത്തിയും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും കേസ് എടുത്തതായി താമരശേരി ഡിവൈഎസ്പി അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് മറ്റുളളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.