കാസര്‍ഗോഡ്: കാസര്‍കോഡ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പണ വേട്ട. നിരോധിച്ച 500 രൂപയുടെ 20 ലക്ഷം രൂപയുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് ചൗക്കി സ്വദേശി അബ്ദുര്‍ ഗഫൂറിനെയാണ് കുഴല്‍പണവുമായി എക്‌സൈസ് അറസ്റ്റുചെയ്തത്.
ഉച്ചക്ക് 12 മണിയോടെ മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസിലാണ് ഗഫൂര്‍ 20 ലക്ഷം രൂപയുമായി യാത്ര ചെയ്തിരുന്നത്.
കണക്കില്‍പെടാത്ത നിരോധിച്ച 500 രൂപയുടെ നോട്ടുകള്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസിന്‍റെ നേതൃത്വത്തില്‍ ബസില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. നോട്ട് നിരോധനത്തിന് ശേഷം ആദ്യമായാണ് ഇത്രയുംവലിയ തുകയുടെ കുഴല്‍പണം കാസര്‍കോഡ് പിടികൂടുന്നത്.
