സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകത്തിലെ ചന്നപട്ടണയില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊളളയടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ദേശീയ പാതയില്‍ രാമനഗര മുതല്‍ മാണ്ഡ്യ വരെയുളള ഭാഗത്ത് സ്വകാര്യ വാഹനങ്ങളെ കൊളളയടിക്കുന്ന സംഘങ്ങളുണ്ട്. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാണ്ഡ്യ സ്വദേശി അബ്ദുളള പിടിയിലായത്. ഇയാളെ ബസ് ഡ്രൈവര്‍ തിരിച്ചറിഞ്ഞു. അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ചന്നപട്ടണത്തിനടുത്ത് കത്തിച്ചനിലയില്‍ കണ്ടെത്തി. മാണ്ഡ്യയില്‍ തന്നെ മറ്റ് മൂന്ന് പ്രതികളുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കര്‍ണാടക ഡിജിപിയുടെ നിര്‍ദേശപ്രകാരം രാമനഗര ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിക്കുന്നത്.

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരെയാണ് ഇന്ന് പുലര്‍ച്ചെ മാരകായുധങ്ങളുമായെത്തിയ സംഘം ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസ് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബെംഗളൂരുവിന് 62 കിലോ മീറ്റര്‍ അകലെയുളള ചന്നപട്ടണയില്‍ എത്തിയത്. സംഘത്തിലെ മൂന്ന് പേര്‍ മുഖം മൂടി ധരിച്ചിരുന്നു. ആദ്യം രണ്ട് പേര്‍ മുന്‍വാതിലിലൂടെ ബസ്സില്‍ കയറി നിരീക്ഷിച്ച ശേഷം പുറത്തിറങ്ങി. ആയുധങ്ങളുമായി വീണ്ടും കയറിയായിരുന്നു കൊളള.

സ്ത്രീകളടക്കമുളള യാത്രക്കാര്‍ പേടിച്ചുവിറച്ചിരുന്നു‍. പലരും ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോഴാണ് കൊളളക്കാരെ കാണുന്നത്. അടുത്തുളള പൊലീസ് സ്റ്റേഷനിലേക്ക് പോവാന്‍ ഡ്രൈവര്‍ നീക്കം നടത്തി. ഇതാണ് കൂടുതല്‍ നഷ്ടങ്ങളിലില്ലാതെ യാത്രക്കാരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അക്രമികള്‍ക്ക് രക്ഷപ്പെടാനും വഴിയൊരുങ്ങി. ഇതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.