കഴിഞ്ഞ മാസം 10 ന് പുലര്‍ച്ചെ നടന്ന ദുരന്തത്തില്‍ ആകെ 1193 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 482 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രിച്ചെലവുകളും മറ്റും താങ്ങാനാവാത്തവരാണ് ഭൂരിപക്ഷവും. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ കിട്ടിയത് രണ്ട് പേര്‍ക്ക് മാത്രമാണ്. അതും നാല് ലക്ഷം രൂപ വീതം മാത്രം. മരിച്ചവരുടെ യഥാര്‍ത്ഥ അവകാശികളെ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടാണ് ധനസഹായ വിതരണം നടത്താന്‍ സാധിക്കാത്തതെന്നാണ് ജില്ലാഭരണകൂടങ്ങളുടെ വിശദീകരണം

രാജ്യത്തെ നടുക്കിയ വെടിക്കെടപകടത്തില്‍ നിന്നും പരവൂര്‍ ഇതുവരെ മുക്തമായിട്ടില്ല. ക്ഷേത്ര പരിസരം ഇപ്പോഴും പൊലീസ് കാവലിലാണ്. വെടിമരുന്നിന്റെ രൂക്ഷ ഗന്ധമാണ് പരിസരത്താകെ. രണ്ട് ദിവസം മുന്‍പും ഇവിടെ നിന്ന് ശരീരാവശിഷ്‌ടങ്ങള്‍ കിട്ടിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ക്ഷേത്രഭാരവാഹികളും കരാറുകാരനും അടക്കം 42 പേര്‍ കസ്റ്റഡിയിലാണ്. കൊലക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ചാത്തന്നൂര്‍ എസിപി അടക്കമുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.