നേരത്തെ രണ്ട് പേരെ പിടികൂടിയിരുന്നു രണ്ട് പേരെ  ഇനിയും പിടികൂടാനുണ്ട്

ദില്ലി: ഉത്തർപ്രദേശിലെ സാംബാല്‍ ജില്ലയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം ക്ഷേത്രത്തിൽ വെച്ച് ജീവനോടെ ചുട്ടുകൊന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. നേരത്തെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരം സിങ്, കുനവാർ പൽ എന്നിവരാണ് ആദ്യം പിടിയിലായത്. മറ്റ് രണ്ട് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളാണ് അക്രമികൾ എന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച്ച പുലർച്ചെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം കുഞ്ഞുങ്ങളോടൊപ്പം ഉറങ്ങുകയായിരുന്ന 35കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നത്. അക്രമികൾ പോയപ്പോൾ പൊലീസ് ഹെൽപ് ലൈൻ നമ്പറിലേക്ക് യുവതി പലവട്ടം വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു. ഒടുവിൽ ബന്ധുവിനെ വിളിച്ച് വിവരം അറിയിച്ചു. പ്രതികളുടെ പേരടക്കം യുവതി പറയുന്ന ഫോൺ സംഭാഷണം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിനിടെ മടങ്ങിയെത്തിയ അക്രമിസംഘം യുവതിയെ സമീപത്തെ ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നു. 

കനത്ത മഴയുണ്ടായിരുന്ന സമയത്ത് അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച കയറുകയായിരുന്നുവെന്ന് ഓഡിയോ ക്ലിപില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇത് പ്രകാരം അരാം സിംഗ്, മഹാവീര്‍, ചരണ്‍ സിംഗ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടു മക്കളുടെ അമ്മ കൂടിയായ യുവതിയെ ശല്യം ചെയ്തിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്. കേസിൽ പൊലീസിന്റെ വീഷ്ചയും അന്വേഷണ പരിധിയിലാണ്.