ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ കുമ്മാനം സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്
കണ്ണൂര്: യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് ഒരാള് കൂടി അറസ്റ്റില്. കൊലയാളി സംഘത്തിന് ഷുഹൈബിനെക്കുറിച്ചുള്ള വിവരം നൽകിയ മട്ടന്നൂർ കുമ്മാനം സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അതേസമയം കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ കോൺഗ്രസിന് താൽപര്യമില്ലെന്ന് ഇ.പി ജയരാജൻ ആരോപിച്ചു.
പന്ത്രണ്ടാം തിയതി കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിക്കൊലപ്പെടുത്തുന്നതിനും ദിവസങ്ങൾക്ക് മുൻപേ കൊലയാളി സംഘം ഷുഹൈബിനെ പിന്തുർന്നിരുന്നു. ഷുഹൈബിന്റെ മുഴുവൻ നീക്കങ്ങളും കൊലയാളി സംഘത്തിന് അറിയിച്ച് നൽകിയത് പ്രദേശം നന്നായി അറിയാവുന്ന സംഗീതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷുഹൈബ് ഈ തട്ടുകടയിലുണ്ടെന്ന വിവരം കൊലനടന്ന രാത്രി സംഘത്തിന് നൽകിയതും കുമ്മാനം സ്വദേശിയായ ഇയാളാണ്. ആയുധങ്ങൾ ഒളിപ്പിക്കാനും, വാഹനം മാറിക്കയറി രക്ഷപ്പെടാനും സഹായിച്ച രണ്ട് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം, കേസിൽ കെ സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായാണ് ഇന്ന് ഇ.പി ജയരാജൻ രംഗത്തെത്തിയത്. എന്നാൽ തനിക്കെതിരെ കെ സുധാകരൻ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഇ പി ജയരാജൻ തയാറായില്ല.
