ഇതര സംസ്ഥാന തൊഴിലാളി മണിക്ക് റോയിയുടെ കൊലപാതകം പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്
കൊല്ലം: അഞ്ചലിൽ മര്‍ദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ ഒരാൾ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ അഞ്ചൽ സ്വദേശി ആസിഫ് ആണ് സ്റ്റേഷനില്‍ കീഴടങ്ങിയത്. നേരത്തെ ശശീന്ദ്രക്കുറുപ്പ് എന്നയാളെ പൊലീസ് പിടി കൂടിയിരുന്നു. പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി(32) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. കോഴിയെ മണിക്ക് റോയി മോഷ്ടിച്ചെന്ന സംശയമുണ്ടായിരുന്നത് കൊണ്ടാണ് മർദ്ദിച്ചതെന്ന് ശശീന്ദ്രക്കുറുപ്പും ആസിഫും സമ്മതിച്ചു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് കോഴി മോഷണം പോയിരുന്നു. പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസില്‍ കൂടുതൽ പേർ അറസ്റ്റിലാകുമെന്നുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. രണ്ടാം പ്രതി ആസിഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടക്കുക. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. മർദ്ദനത്തിൽ വാരിയെല്ലിന് ക്ഷതം സംഭവിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കാണ് ജോലി സ്ഥലത്ത് വച്ചാണ് മാണിക് റോയി കുഴഞ്ഞ് വീണ് മരിച്ചത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ രണ്ടാഴ്ചമുമ്പ് ഇയാളെ മര്‍ദ്ദിച്ചിരുന്നു. ജൂണ്‍ 24 നാണ് അഞ്ചല്‍ ജംഗ്ഷനില്‍ വെച്ച് മണിക് റോയിക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. സമീപത്തെ കടയില്‍ നിന്ന് കോഴിയുമായി പോകുകയായിരുന്ന മാണിയെ ഇത് വഴി ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്.
യുവാവിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടി കുടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. മുഖത്ത് കണ്ണിന്റെ വശത്തും മൂക്കിനും മർദ്ദനമേറ്റ് ചോരയിൽ കുളിച്ച മാണിക്കിനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിലൂടെ രക്തസ്രാവമുണ്ടായ മണിക് തുടര്‍ ചികിത്സ തേടിയിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തിരുന്നു.
