ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി

കൊച്ചി: ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റ്ചെയ്തു. കോതമംഗലം സ്വദേശി ബേസിൽ സെബാസ്റ്റ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

ഹനാനെതിരായ സൈബർ ആക്രമണം നടത്തിയ കൊല്ലം സ്വദേശി സിയാദിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഹനാനെതിരായ സൈബര്‍ ആക്രമണത്തില്‍ അറസ്റ്റിലായ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥിനെ റിമാന്‍റ് ചെയ്തിരുന്നു. 

പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. തൃശൂരില്‍ വച്ച് പാലാരിവട്ടം പൊലീസാണ് വിശ്വനാഥിനെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ ഇയാള്‍ കമന്‍റ് ചെയ്തായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

സംഭവത്തില്‍ മോശം അഭിപ്രായപ്രകടനം നടത്തിയവരുടെ ഐപി അഡ്രസടക്കം കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ഫേസ്ബുക്ക് വാട്സാപ്പ് അധികൃതർക്ക് കത്തുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി നൂറുദ്ധീന്‍ ഷേഖിനെ പോലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.