ദില്ലി: പഞ്ചാബില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്റെ ഡ്രൈവറായ സന്ദീപ് സിപയാണ് പിടിയിലായത്. മുഖ്യപ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 25നാണു പഞ്ചാബിലെ മുക്‌സറില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അടുത്തുള്ള ഫാം ഹൗസില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ള ഗുര്‍ജീന്ദര്‍ എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കേസിലെ മറ്റൊരു പ്രതിയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറുമായ സന്ദീപ് സിപയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പഞ്ചാബിലെ മാലൗട്ടില്‍വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. സന്ദീപിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തു. മുഖ്യപ്രതിയായ ഗുര്‍ജീന്ദര്‍ പെണ്‍കുട്ടിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിനു പുറത്തു നിന്ന് 100 മീറ്റര്‍ ദൂരം വലിച്ചു കൊണ്ടു പോകുമ്പോള്‍ റോഡില്‍ കാറുമായി സന്ദീപ് കാത്തിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ ആരും ശ്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങളടക്കമുള്ള സുപ്രധാന തെളിവുകളുണ്ടായിട്ടും സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്.