ദില്ലി: സുപ്രീംകോടതിയിലേക്ക് ഒരു മലയാളി ജഡ്ജി കൂടി. 2016ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ജസ്റ്റിസ് കെ.എം.ജോസഫിനെയാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തത്. നിലവിൽ ആന്ധ്ര-തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് കെ.എം.ജോസഫ്. 9 വര്‍ഷം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. 

മുൻ സുപ്രീംകോടതി ജഡ്ജിയായ കെ.കെ.മാത്യുവിന്‍റെ മകനാണ് എറണാകുളം സ്വദേശിയായ ജസ്റ്റിസ് കെഎം.ജോസഫ്. ഇതോടൊപ്പം ആദ്യമായി ഒരു വനിത അഭിഭാഷകയെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. സുപ്രീംകോടതിയിലേക്ക് എത്തുന്ന ഏഴാമത്തെ വനിത ജഡ്ജിയാകും ഇന്ദു മൽഹോത്ര. കൊലീജീയത്തിന്‍റെ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി അയച്ചു.