കൊലയാളി പരശുറാം വാഗ്മോറെന്ന് അന്വേഷണസംഘം ഫോറൻസിക് പരിശോധന ഫലം തെളിവ് അന്വേഷണത്തിൽ തൃപ്തിയെന്ന് ഗൗരിയുടെ കുടുംബം

ബംഗലൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം. ഗൗരിക്ക് നേരെ വെടിയുതിർത്തത് ശ്രീറാം സേന പ്രവർത്തകനായിരുന്ന പരശുറാം വാഗ്മോർ തന്നെയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് അന്വേഷണസംഘം.ഫോറൻസിക് പരിശോധനകൾ ഇത് തെളിയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ

നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ,എം എം കൽബുർഗി.. വെടിയേറ്റുവീണ പുരോഗമനവാദികളുടെ പട്ടികയിലേക്ക് ഗൗരി ലങ്കേഷുമെത്തിയിട്ട് ഒരു വർഷം. ബെംഗളൂരു ആർ ആർ നഗറിലെ വീടിന് മുന്നിൽ അവർക്ക് നേരെ നിറയൊഴിച്ചത് ആരെന്ന് തെളിയിക്കാൻ അധികദൂരമില്ലെന്ന് പ്രത്യേക അന്വേഷണസംഘം പറയുന്നു. പരശുറാം വാഗ്മോർ എന്ന തീവ്രഹിന്ദു സംഘടനാ പ്രവർത്തകൻ തന്നെയാണ് കൊലയാളിയെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് ഗേറ്റ് അനാലിസിസ് റിപ്പോർട്ടാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.സിസിടിവി ദൃശ്യങ്ങൾ വച്ചായിരുന്നു പരിശോധന.

വിജയപുരയിൽ നിന്ന് പിടിച്ചെടുത്ത തോക്കിന്‍റെ ഫോറൻസിക് ഫലം കൂടി അനുകൂലമായാൽ ശക്തമായ തെളിവാകും. പരശുറാം ഉൾപ്പെടെ ഇതിനോടകം കേസിൽ അറസ്റ്റിലായത് പന്ത്രണ്ട് പേർ.സനാതൻ സംസ്ഥയുടെയും ഹിന്ദു ജാഗരൺ സമിതിയുടെയും പ്രവർത്തകർ. ധാബോൽക്കർ,പൻസാരെ എന്നിവരെ ഇല്ലാതാക്കിയതിലും ഈ സംഘത്തിന് പങ്കെന്ന നിഗമനമുണ്ട്. ഗൗരി കേസിലെ രണ്ട് പ്രതികളെ ധാബോൽക്കർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കസ്റ്റഡിയിൽ വാങ്ങിക്കഴിഞ്ഞു.

തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾക്കെതിരെ വിശാല കൂട്ടായ്മകളുണ്ടാകാൻ ഗൗരി ലങ്കേഷിന്‍റെ കൊലപാതകം വഴിവച്ചിരുന്നു. രാജ്യമെങ്ങും വലിയ പ്രതിഷേധമുണ്ടായി. ഒന്നാം വാർഷിക ദിനത്തിൽ ഗൗരിയുടെ സുഹൃത്തുക്കൾ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്.സനാതൻ സംസ്ഥയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഗവർണർക്ക് നിവേദനവും നൽകും.