കോഴിക്കോട്: സംസ്ഥാനസര്‍ക്കാരിന്‍റെ ഒന്നാംവാര്‍ഷികാഘോഷത്തിന് സമൂഹമാധ്യമങ്ങള്‍ വഴി മാത്രമുള്ള പ്രചാരണത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് ലക്ഷങ്ങള്‍. പ്രമുഖ സിപിഎം നേതാവിന്‍റെ മകനുമായി ബന്ധമുള്ള കോഴിക്കോട്ടെ സ്ഥാപനത്തിനാണ് ഇതിനായി 42 ലക്ഷത്തില്‍ പരം രൂപയുടെ കരാര്‍സര്‍ക്കാര്‍ നല്‍കിയത്.
നമുക്ക് ഒന്നിച്ച് മുന്നേറാം സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന പരസ്യവാചകത്തിന് പിന്നില്‍ പൊടിഞ്ഞത് കോടികളാണെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ മാത്രം നടത്തിയ ചെലവിന്‍റെ കണക്കുകള്‍. നാല്‍പത്തി രണ്ട് ലക്ഷത്തി നാല്‍പത്തിയേഴായിരത്തി 812 രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കി വച്ചത്.
ഫെയ്സ്ബുക്ക്, വാട്സ് അപ്പ് വഴിയുള്ള പ്രചാരണത്തിന് മാത്രമാണ് ഇത്രയും തുക ചിലവഴിച്ചത്. തുകയുടെ അന്‍പത് ശതമാനമായ .21, 4000രൂപ കമ്പനിക്ക് നല്‍കി കഴിഞ്ഞു. ഇനിയാണ് കരാറിന്‍റെ ഉള്ളുകളികള്‍. കോഴിക്കോട് നടക്കാവിലുള്ള ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്നോളജീസ് എന്ന സ്ഥാപനത്തിനാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ നല്‍കിയത്.
സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍റെ മൂത്തമകന്‍ ജൂലിയസ് മിര്‍ഷാദ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വാട്സ് പ്രൊഫൈല്‍ ചിത്രത്തില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തവുമാണ്. മറ്റൊരു സ്ഥാപനവും കരാറിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഏകപക്ഷീയമായി ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്നോളജീസിന് കരാര്‍ ലഭിക്കുകയായിരുന്നു. മറ്റ് മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ ഉള്ളപ്പോള്‍ നവമാധ്യമപ്രചാരണത്തിന് എന്ത് മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമല്ല.
