കൊച്ചിയില്‍ ഓണ്‍ലൈനിലൂടെ പെൺവാണിഭം നടത്തുന്ന സംഘം പിടിയില്‍. ഡല്‍ഹി സ്വദേശിനികളായ സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പടെ 15 പേരെ സിറ്റിപോലീസ് അറസ്റ്റുചെയ്തു. ഇവരുടെ പക്കല്‍നിന്നും എയർപിസ്റ്റളും ലഹരിപദാർത്ഥങ്ങളും കണ്ടെടുത്തു.

കൊച്ചിയിലെ ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘമാണ് പിടിയിലായത്.പദ്മ ജംഗ്ഷനു സമീപം ചിറ്റൂർ റോഡിലുളള ഐശ്വര്യാ ലോഡ്ജിൽ നടത്തിയ തിരച്ചിലിൽ ഡല്‍ഹി സ്വദേശിനികളായ 4 സ്ത്രീകളും , 4 ട്രാന്‍സ് ജെന്‍ഡേഴ്സും ഇടനിലക്കാരും ഉള്‍പ്പെടെയുളളവരാണ് പിടിയിലായത്. ലോ‍ഡ്ജിന്‍റെ റിസപ്ഷനിൽ നിന്ന് എയർപിസ്റ്റളും മദ്യക്കുപ്പികളും ലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തു. ഓൺലൈന്‍വഴിയായിരുന്നു സംഘത്തിന്‍റെ ഇടപാടുകളെന്ന് പോലീസ് പറഞ്ഞു.

പെൺവാണിഭ ഇടപാടുകാരനായ മട്ടാഞ്ചേരി സ്വദേശി ജോഷിയേയും ഇയാളെ ഫോണില്‍ ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്, കൂടുതല്‍ പേർ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.