ചര്‍ച്ച പരാജയപ്പെട്ടു: കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരം തുടരും

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Dec 2018, 7:02 PM IST
Online taxi drivers to stick on strike
Highlights

വിദേശ കമ്പനികളുടെ നിയന്ത്രണത്തിലുള്ള  ഓൺലൈൻ ടാക്സികളുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാറിന് പരിമിതികളുണ്ടെന്നാണ് ഗതാഗത മന്ത്രിയുടെ വാദം. സംസ്ഥാനത്ത് തന്നെ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ ടാക്സി കമ്പനികൾ തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്. 

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചത്. അതേസമയം സംസ്ഥാനത്തെ മോട്ടോർ വാഹന നിയമത്തിന്റെ കീഴിൽ വരാത്തതിനാൽ പ്രശ്നത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതികളുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു.

വേതന വർധനവ് നടപ്പാക്കുക, കമ്മീഷൻ നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ഓൺലൈൻ കമ്പനികൾ മുഖം തിരിച്ചതോടെ ഇന്നലെ രാത്രി മുതലാണ് ഓൺലൈൻ ടാക്സി യൂണിയനുകൾ പണിമുടക്ക് തുടങ്ങിയത്. സമരത്തിൽ കൊച്ചിയിലെ നാലായിരത്തിലധികം ഓൺലൈൻ ടാക്സികൾ പങ്കെടുക്കുന്നുണ്ടെന്നാണ് യൂണിയനുകളുടെ അവകാശവാദം.

പണിമുടക്കിനെ തുടർന്ന് ജില്ല ലേബർ കമ്മീഷൻ തൊഴിലാളികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും ഓൺലൈൻ ടാക്സി കമ്പനി പ്രതിനിധികൾ പങ്കെടുത്തില്ല. തുടർന്നാണ് സംസ്ഥാന ലേബർ കമ്മീഷന് തൊഴിലാളി യൂണികളുമായി ചർച്ച നടത്തുമെന്ന തീരുമാനം എത്തിയത്. വെള്ളിയാഴ്ച കൊച്ചിയിലാണ് ചർച്ച. സംസ്ഥാന മോട്ടോർ വാഹനനിയമത്തിന്റെ കീഴിൽ തന്നെ ഓൺലൈൻ ടാക്സി കമ്പനികളും രജിസ്റ്റർ ചെയ്ത്  പ്രവർത്തനം  തുടങ്ങണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് വഴി വേതന വർധന അടക്കമുള്ള തൊഴിലാളി അനുകൂല നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

 വിദേശ കമ്പനികളുടെ നിയന്ത്രണത്തിലുള്ള  ഓൺലൈൻ ടാക്സികളുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാറിന് പരിമിതികളുണ്ടെന്നാണ് ഗതാഗത മന്ത്രിയുടെ വാദം. സംസ്ഥാനത്ത് തന്നെ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ ടാക്സി കമ്പനികൾ തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്. വെള്ളിയാഴ്ചത്തെ ചർച്ചയിൽ ഈ വിഷയമാകും പ്രധാന അജണ്ട.

loader