ന്യൂനപക്ഷധനകാര്യകോർപ്പറേഷന്‍റെ ജനറൽ മാനേജർ തസ്‍തികയിലേക്ക് നിയമിക്കാൻ യോഗ്യതയുണ്ടായിരുന്നത് മന്ത്രി കെ.ടി.ജലീലിന്‍റെ ബന്ധു കെ.ടി.അദീബിന് മാത്രമെന്ന് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ അബ്ദുൾ വഹാബ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും അബ്ദുൾ വഹാബ്.

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യകോർപ്പറേഷൻ ജനറൽ മാനേജർ തസ്‍തികയിലേയ്ക്ക് മന്ത്രി കെ.ടി.ജലീലിന്‍റെ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചുതന്നെയെന്ന് കോർപ്പറേഷൻ ചെയർമാൻ അബ്ദുൾ വഹാബ്. യോഗ്യതയുണ്ടായിരുന്നത് അദീബിന് മാത്രമായിരുന്നു. ഡെപ്യൂട്ടേഷനിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് നിയമനം നടത്താൻ ചട്ടങ്ങളിൽ തടസ്സമൊന്നുമില്ലെന്നും അബ്ദുൾവഹാബ് കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അദീബിന്‍റെ നിയമനം ചട്ടങ്ങൾ പാലിച്ചോ? ന്യൂസ് അവർ ചർച്ച കാണാം:

എന്നാൽ, നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ ലഭിച്ചെന്ന് യൂത്ത് ലീത്ത് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ധനകാര്യ വകുപ്പിലെ അണ്ടര്‍സെക്രട്ടറിയും എസ്ബിഐ റീജ്യണല്‍ മാനേജറും അടക്കമുള്ളവരെ ഒഴിവാക്കിയാണ് ജലീലിന്‍റെ ബന്ധുവായ കെ.ടി.അദീബിന് നിയമനം നല്‍കിയതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. 

അദീബ് ഒഴികെ വന്ന എല്ലാ അപേക്ഷകരും സര്‍ക്കാര്‍-പൊതുമേഖല സ്ഥാനങ്ങളിലെ ജീവനക്കാരായിരുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ തന്നെ ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ അപേക്ഷ പോലും തള്ളിയാണ് അദീബിന് നിയമനം നല്‍കിയതെന്ന് പി.കെ.ഫിറോസ് ആരോപിക്കുന്നു. അഭിമുഖത്തിന് വന്ന നാല് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡെപ്യൂട്ടേഷനുള്ള യോഗ്യത ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് അദീബിനെക്കാൾ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ലഭിച്ചെന്നാണ് ഫിറോസിന്‍റെ അവകാശവാദം.

അപേക്ഷകരില്‍ യോഗ്യതയുളള ഏക ആളെന്ന നിലയിലാണ് കെ.ടി അദീബിന് നിയമനം നല്‍കിയതെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നുമാണ് നേരത്തെ കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നത്. അഭിമുഖം നടത്തിയിട്ടും യോഗ്യതയുള്ള ആളെ കിട്ടാത്തത് കൊണ്ടാണ് ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിച്ചതെന്നും ഇങ്ങനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.