ഒസാമബിൻ ലാദനെ വധിക്കാന്‍ അമേരിക്കൻ സേന പാകിസ്ഥാനിൽ എത്തി നടത്തിയ ഓപ്പറേഷൻ വൈറ്റ് ഹൗസിലെ വാർറൂമിലിരുന്ന് പ്രസിഡന്‍റ് ബരാക്ക് ഒബാമ നേരിട്ട് നിരീക്ഷിക്കുന്ന ചിത്രം ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്. ഇതേ മാതൃകയിൽ പാകിസ്ഥാനുള്ളിൽ നടത്തിയ ഓപ്പറേഷൻ പ്രധാനമന്ത്രി നേരിട്ട് കണ്ടു എന്ന റിപ്പോർട്ടാണ് പയനിയർ ദിനപത്രം നല്കിയിരിക്കുന്നത്. 

25 പേരുൾപ്പെടുന്ന കമാൻഡോ സംഘമാണ് ഓപ്പറേഷൻ നടത്തിയത്. ഇവരെ മൂന്നായി തിരിച്ചാണ് പാകിസ്ഥാനിൽ എത്തിച്ചത്. പൂഞ്ചിലെ ബൽനോയി പോസ്റ്റു വഴി ഉള്ളിൽ കടന്ന ഇവർ രജൗരി വഴി ഇന്ത്യയിൽ തിരിച്ചെത്തി. കേണൽ റാങ്കിലുള്ള ഒരുദ്യോഗസ്ഥാനായിരുന്നു കമാൻഡോകളുടെ നേതൃത്വം. നിയന്ത്രണം ലഫ്റ്റനന്‍റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. 

ആദ്യം ഇന്ത്യ വെടി ഉതിർത്തപ്പോൾ ഭീകരർ ബങ്കറുകളിൽ ഒളിച്ചു. ഈ ബങ്കറുകൾ കമാൻഡോകൾ തകർത്തു. 50 ഭീകരർ കൊല്ലപ്പെട്ടു എന്നാണ് സൈന്യം സർക്കാരിനെ അറിയിച്ചിരിക്കുന്നത്. കമാൻഡോകളുടെ ഹെൽമറ്റിലും തോളിലും ഘടിപ്പിച്ച ക്യാമറകളിലൂടെ ദൃശ്യം ദില്ലിയിലെ സൗത്ത് ബ്ളോക്കിലെ വാർ റൂമിൽ കാണാൻ കഴിയുമായിരുന്നു. 

ഒപ്പം ഇൻഫ്രാറെഡ് ഡ്രോൺക്യാമറയും ഉപഗ്രഹങ്ങളും വഴി ചിത്രങ്ങൾ കിട്ടി. ഓപ്പറേഷൻ തീരും വരെ നരേന്ദ്ര മോദി വാർ റൂമിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. ഒരാൾക്കേ ഓപ്പറേഷനിൽ പരിക്കേറ്റുള്ളു. അതിർത്തി കടന്ന് പാക് പിടിയിലായ ജവാന് ഈ ഓപ്പറേഷനുമായി ബന്ധമില്ല എന്ന നിലപാടിൽ കരസേന ഉറച്ചു നില്ക്കുകയാണ്.