ബംഗളുരു: രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കുകയുള്ളൂ, മറ്റൊന്നും ആ ഭൂമിയില്‍ നിര്‍മ്മിക്കില്ലെന്നും ഭാഗവത് കര്‍ണാടകയിലെ ഉടുപ്പിയില്‍ പറഞ്ഞു. 

ഹിന്ദു സന്യാസിമാരെയും രാജ്യത്തെ വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഭാഗവത്. അയോദ്ധ്യയില്‍ ക്ഷേത്രം പണിയുമോ എന്ന കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല. ക്ഷേത്രം പണിയുക തന്നെ ചെയ്യും. അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് മാറുകയില്ലെന്നും ഭാഗവത് വ്യക്തമാക്കി.

നേരത്തേ എങ്ങിനെയായിരുന്നോ രാമക്ഷേത്രം ഉണ്ടായിരുന്നത്, അതേ പ്രൗഢിയോടെതന്നെ ക്ഷേത്രം വീണ്ടും നിര്‍മ്മിക്കും. ആ നേട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ജാഗ്രത വേണമെന്നും ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഭാഗവത് വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മ്മാണം, മതം മാറ്റ നിരോധനം, ഗോ സംരക്ഷണം എന്നിവയാണ് വിഎച്പിയുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിലെ പ്രധാന അജണ്ടകള്‍.

ബാബരി മസ്ജിദ് കേസില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കായി ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപന്‍ ശ്രീ. ശ്രീ. രവിശങ്കര്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് വേണ്ട ഫലം കണ്ടിരുന്നില്ല. ഹിന്ദു സന്യാസിമാരുമായും മുസ്ലീം നേതാക്കളുമായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. നിര്‍മോഹി അഖാഡയെ പോലെ ചില സന്ന്യാസി മഠങ്ങള്‍ രവിശങ്കറിന്റെ നീക്കത്തോട് സഹകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും പൂര്‍ണ പിന്തുണ നല്‍കിയിരുന്നില്ല. . തര്‍ക്കം കോടതി തീര്‍ക്കട്ടെയെന്ന് സുന്നി വഖഫ് ബോര്‍ഡും ഷിയ വിഭാഗത്തിലെ ചില നേതാക്കളും ആവശ്യപ്പെട്ടത് മധ്യസ്ഥ നീക്കത്തിന് തിരിച്ചടിയായിരുന്നു.