ചങ്ങമ്പുഴക്കും പി കുഞ്ഞിരാമന്‍ നായര്‍ക്കും ശേഷം മലയാണ്മയുടെ അനുഭവങ്ങളെ പാടിപ്പൊലിപ്പിച്ച പ്രിയ കവി. ഭാഷയുടേയും പ്രകൃതിയുടേയും സൗന്ദര്യാനുഭവത്തെ ആത്മാവിന്റെ അഗാധ തലങ്ങളിലേക്ക് ആവാഹിച്ച ആ വരികളെയും കവിയെയും എങ്ങിനെ മലയാളി മറക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭൂമിയിലെ വാഴ്വിന്റെ ധന്യതയും ആസന്ന മൃത്യവിന്റെ ആവലാതികളും വൈയ്യക്തികവും സാമൂഹികവുമായ ഉത്കണ്ഠകളുമെല്ലാം കവിതകളിലൂടേയും സിനിമാനാടക ഗാനങ്ങളിലൂടെയും പകര്‍ന്നെഴുതി

ചവറയില കരിമണല്‍പ്പാതകളില്‍ നിന്നും കവി നടന്നുകയറിയത് വിശ്വമാനവികതയുടെ ദീപ്ത ഗോപുരങ്ങളിലേക്കായിരുന്നു. പൊരുതുന്നവരുടെ ജീവിതപക്ഷത്ത് എന്നും നിലയുറപ്പിച്ച് ഒഎന്‍വിയുടെ ആദ്യ കവിത മുന്നേറ്റം. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം അടക്കം 40 ലേറെ കവിതാ സമാഹാരങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍. വിവിധവും വിപുലവുമായ അക്ഷര സപര്യക്ക് കിട്ടിയത് പുരസ്‌ക്കാരങ്ങളുമേറെ. കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഗാനരചനക്കുള്ള ദേശീയസംസ്ഥാന ബഹുമതികള്‍. പത്മശ്രീ പത്മ വിഭൂഷന്‍ മുതല്‍ ജ്ഞാനപീഠം വരെ.

എഴുത്തിനൊപ്പം മലയാള ഭാഷക്കായി രാഷ്ട്രീയ സാംസ്‌ക്കാരികമേഖലയിലെ കവിയുടെ പ്രതിരോധ സമരങ്ങളും പ്രസക്തമാണ്. 2016 ഫെബ്രുവരി 13നാണ് ആ തൂലിക നിലച്ചത്. പക്ഷെ എന്നും മൂളുന്ന കവിതകളിലൂടെ, പാട്ടിലൂടെ പ്രിയകവിക്ക് മലയാളിമനസ്സുകളില്‍ മരണമില്ല.