വൈക്കം ചെമ്പിലെ സമൃദ്ധി വില്ലേജ് പദ്ധതിക്കായി 150 ഏക്കര്‍ നിലത്തിന് ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് ഫെബ്രുവരി മൂന്നിനാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഈ ഉത്തരവ്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ ശുപാര്‍ശ പ്രകാരം വ്യവസായവകുപ്പാണ് പദ്ധതിക്ക് അനുകൂലമായി മന്ത്രിസഭയിലേയ്‌ക്ക് കുറിപ്പ് നല്‍കിയത്. വിഷയം മന്ത്രിസഭ മുമ്പാകെ കൊണ്ടു വരാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. പൊതുതാല്‍പര്യമുള്ള പദ്ധതിയെന്ന് കണക്കാക്കിയാണ് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊതു താല്‍പര്യം ബോധ്യപ്പെടുത്താന്‍ അപേക്ഷകര്‍ക്കായില്ലെന്നാണ് കോട്ടയം കലക്ടര്‍ അധ്യക്ഷനായ സമിതി ആദ്യം വിലയിരുത്തിയത്.
നിലം നികത്തല്‍ പ്രദേശത്തെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തി. ഇതോടെ അപേക്ഷ നിരസിച്ചു. ഇതിന് പിന്നാലെ സ്വകാര്യ നിക്ഷേപ പദ്ധതികളെ പൊതുകാര്യമായി കണക്കാക്കി ഭൂപരിധിയില്‍ ഇളവു നല്‍കാമെന്ന് റവന്യൂ വകുപ്പ് ഉത്തരവിറങ്ങി. ഇതോടെ മുന്‍തീരുമാനം പുനഃപരിശോധിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍നിലപാട് വസ്തുതാപരമാണെന്ന് തന്നെയാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇളവ് നല്‍കുന്ന സ്ഥലത്തിനിടയ്‌ക്ക് തോടും 10 ഏക്കര്‍ പുറമ്പോക്കുമുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ഇതിന് ശേഷമാണ് നിയമപ്രകാരമുള്ള ക്ലിയറന്‍സ് ലഭിച്ചിട്ടേ നിര്‍മാണം തുടങ്ങാവൂയെന്ന നിബന്ധനയോടെ ഇളവ് അനുവദിച്ചത്.
