രാജീവ് ഗാന്ധിയുടെ കാലത്ത് രണ്ട് തവണ ആന്ധ്രയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്...
കോട്ടയം: ആന്ധ്രാപ്രദേശിന്റെ ചുമതലയോടെ എഐസിസി ജനറല് സെക്രട്ടറിയായി തന്നെ നിയമിച്ച രാഹുല് ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുന്നതായി ഉമ്മന്ചാണ്ടി. ഈ തീരുമാനത്തില് യാതൊരു അസംതൃപ്തിയുമില്ല. അടുത്ത പാര്ലമെന്റ് തിരഞ്ഞെടുപ്പിന് മുന്പായി കോണ്ഗ്രസിന്റെ നേതൃത്വത്തില് രാജ്യത്തെ മതേതരജനാധിപത്യ കക്ഷികളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാഹുല് ഗാന്ധി മുന്പോട്ട് പോകുകയാണ്. അതിലൊരു പങ്ക് വഹിക്കാന് തന്നാലാവുന്നത് ചെയ്യും - ഉമ്മന്ചാണ്ടി പറഞ്ഞു.
വലിയ വെല്ലുവിളികള് നിറഞ്ഞ ദൗത്യമാണ് പാര്ട്ടി ഏല്പിച്ചിരിക്കുന്നത്. അത്രയേറെ വിശ്വാസം തന്നില് അര്പ്പിച്ച പാര്ട്ടി അധ്യക്ഷനോട് നന്ദി പറയുന്നു. ആന്ധ്രാപ്രദേശിലെ പാര്ട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്പോള് തന്നെ കേരളത്തിലും തന്റെ സാന്നിധ്യമുണ്ടാവും. കേരളത്തില് നിന്ന് വിട്ടുനില്ക്കില്ല. ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്പായി ഉണ്ടായ നിയമനത്തില് അസ്വാഭാവികമായി ഒന്നുമില്ല. ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പുമായി ഇതിനു ബന്ധമൊന്നുമില്ല.
രാജീവ് ഗാന്ധിയുടെ നിര്ദേശപ്രകാരം 1988-ല് ദക്ഷിണേന്ത്യയില് ശക്തമായ വളര്ച്ചയുണ്ടായപ്പോള് കോണ്ഗ്രസ് പ്രവര്ത്തകര് മുന്നിട്ടിറങ്ങി വരള്ച്ചാ ബാധിതപ്രദേശങ്ങളില് സാമൂഹിക പ്രവര്ത്തനങ്ങള് നടത്തണമെന്ന് നിര്ദേശമുണ്ടായിരുന്നു. അന്ന് ആന്ധ്രപ്രദേശിലെ പാര്ട്ടി പ്രവര്ത്തനങ്ങളുടെ ഏകോപന ചുമതല രാജീവ് ഗാന്ധി എന്നെയാണ് ഏല്പിച്ചത്. പിന്നീട് 1989-ലെ പൊതുതിരഞ്ഞെടുപ്പിലും ആന്ധ്രയിലെ അഞ്ച് ജില്ലകളുടെ മേല്നോട്ട ചുമതല രാജീവ് എനിക്ക് തന്നു. ഇപ്പോള് യാദൃശ്ചികമായെങ്കിലും താന് വീണ്ടും ആന്ധ്രയിലേക്ക് പാര്ട്ടിക്കായി ഒരു ദൗത്യം ഏറ്റെടുക്കുകയാണ്. ഏല്പിച്ച ഉത്തരവാദിത്തം നൂറ് ശതമാനം ആത്മാര്ത്ഥയോടെ പൂര്ത്തിയാക്കും- ഉമ്മന്ചാണ്ടി പറഞ്ഞു.
