കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ അസാധുവായെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നിക്കിയതില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. സരിതയുടെ കത്ത് തള്ളിയ സാഹചര്യത്തിൽ കമ്മീഷൻ റിപ്പോർട്ട് തന്നെ അസാധുവായെന്ന് ഉമ്മൻചാണ്ടി.തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം ജനം വിലയിരുത്തട്ടെയെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. 

കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗക ആരോപണം ഉന്നയിച്ച് എഴുതിയ കത്ത് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കിയിരുന്നു. ഈ കത്താണ് റിപ്പോര്‍ട്ടില്‍ നിന്നും നീക്കിയത്.

കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിൽ തടസ്സമില്ലെന്നും കോടതി അറിയിച്ചു. സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഒഴിവാക്കി വേണം സർക്കാർ റിപ്പോർട്ട് പരിഗണിക്കാനെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉമ്മൻചാണ്ടിയുടെ ഹർജി ഭാഗികമായി അനുവദിച്ച കോടതി, അതേസമയം, മുൻമന്ത്രി തിരുവഞ്ചൂർ നൽകിയ ഹർജി തള്ളി.