ബംഗളുരു: ബെംഗളൂരുവിലെ വ്യവസായി എം കെ കുരുവിള നൽകിയ സോളാർ കേസിൽ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. ബെംഗളൂരു സിറ്റി സിവിൽ കോടതിയുടേതാണ് വിധി. നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി വിധിച്ചിരുന്നത്. എന്നാല്‍ തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് വീണ്ടും വാദം കേള്‍ക്കുകയും ഇപ്പോള്‍ വിധി പറയുകയുമാണ് കോടതി ചെയ്തത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും ആരോപണവിധേയരാണ്. ഇതുസംബന്ധിച്ച് അന്വേഷിച്ച കമ്മീഷൻ റിപ്പോര്‍ട്ട് അടുത്തിടെയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ ബെംഗളുരു സോളാര്‍ കേസ് വിധി ഉമ്മന്‍ചാണ്ടിക്ക് ആശ്വാസകരമാണ്.

Add Asianetnews as a Preferred SourcegooglePreferred