നിങ്ങൾ ഉണ്ടാക്കിയെടുത്തതല്ല ഈ സർക്കാർ. ഞങ്ങൾ തെരുവിൽ സമരം ചെയ്ത് ഉണ്ടാക്കിയെടുത്തതാണ് ഈ സർക്കാർ.
ശ്രീകണ്ഠാപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. പല സഹപ്രവർത്തകർക്കും ഒന്നാം പന്തലിരിപ്പിടത്തിലേക്ക് പോലും എത്താനോ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനോ കഴിയാതിരുന്നപ്പോൾ എങ്ങനെയാണ് വി.ഐ.പി പാസ് നേടി റിനി ആൻ ജോർജിനെപ്പോലെ ഈ പാർട്ടിക്കെതിരെ സംസാരിക്കുകയും പാർട്ടിക്ക് ഇത്രമാത്രം പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾ അകത്ത് കയറിക്കൂടിയത്. കേരളത്തിലങ്ങോളമിങ്ങോളം സംഘടനാ പ്രവർത്തനങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും നടന്ന ജ്യോതി വിജയകുമാറിനെ പോലെയുള്ള ആളെ പോലും പൊലീസ് തടയുന്നത് നമ്മൾ കണ്ടു. എന്നാൽ റിനി ആൻ ജോർജിനെ ആരും തടഞ്ഞില്ല. അതീവ സുരക്ഷയുള്ള തെലുങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.

വിജയിച്ച് വന്ന യുഡിഎഫിൻ്റെ എംഎൽഎമാരിൽ പലർക്കും പോലും ഇന്നലെ ആ വേദിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇത് മുഖ്യമന്ത്രിയോ ഏതെങ്കിലും മന്ത്രിമാരോ അറിഞ്ഞ് ചെയ്തതാണെന്ന് കരുതുന്നില്ല. ഏതെങ്കിലും ഓഫീസിൽ ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആരെങ്കിലും ഒപ്പിച്ച പാസായിരിക്കണം അത്.ആ ആളിനോടും, ആ ആളുകൾക്ക് മുകളിലുള്ള എല്ലാ പ്രിയപ്പെട്ട നേതാക്കളോടുമാണ് എനിക്ക് പറയാനുള്ളത്, ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. ഇത്തരം ആളുകൾ ഓഫീസുകളിലേക്ക് കടന്നുകയറിയതിന്റെ ഫലം കോൺഗ്രസ് നന്നായി അറിഞ്ഞതാണ്. സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചതും നമുക്ക് അറിയാം. നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് നമ്മൾ മറന്നിട്ടില്ല.
ഇത്തരം അവതാരങ്ങൾ അധികാരമുള്ളപ്പോഴെല്ലാം വരും. ഇവളാണ് പറവൂരിൽ ശ്രീ വി.ഡി. സതീശനെതിരെ സംഘടിപ്പിച്ച സ്ത്രീകളുടെ യോഗത്തിൽ, ശൈലജ ടീച്ചർ മുഖ്യാതിഥിയായ ചടങ്ങിൽ ഷൈൻ ടീച്ചറോടൊപ്പം പങ്കെടുത്തത്. അന്ന് അവൾ കോൺഗ്രസ് വിരുദ്ധ വേദിയിലായിരുന്നു. കോൺഗ്രസിനെ കളിയാക്കിയും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതും നമ്മൾ കണ്ടതാണ്. എന്നിട്ടും ഇവളെപ്പോലുള്ള ആളുകളെ എൻ്റർടെയ്ൻ ചെയ്യുന്ന ഏതെങ്കിലും ഓഫീസിലെ ജീവനക്കാരുണ്ടെങ്കിൽ അവരോട് ഞങ്ങൾ പറയും, നിങ്ങൾ ഉണ്ടാക്കിയെടുത്തതല്ല ഈ സർക്കാർ. ഞങ്ങൾ തെരുവിൽ സമരം ചെയ്ത് ഉണ്ടാക്കിയെടുത്തതാണ് ഈ സർക്കാർ. ആ സർക്കാരിനെ തകർക്കാനുള്ള ഇത്തരം അവതാരങ്ങളുടെ ഒരു ശ്രമത്തെയും ഞങ്ങൾ അനുവദിക്കില്ല, അംഗീകരിക്കില്ലെന്നാണ് വിജിൽ മോഹനൻ സാമൂഹ്യ മാധ്യമങ്ങളിൽ വിശദമാക്കിയത്.


