തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കുത്തിയിരിപ്പ് സമരം നടത്തി. മെഡിക്കല്‍ പിജി ഫീസ് കൂട്ടിയതിനെതിരായ നിയമസഭാ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ചികിത്സ നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സമരത്തിന് പിന്തുണയുമായി എ ഐ സി സി പ്രതിനിധികളായ മുകുള്‍ വാസ്‌നിക്കും ദീപക് ബാബറിയയും എത്തി. പ്രതിഷേധത്തിനിടെ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കി. ഇതോടെ പ്രതിഷേധം അവസാനിച്ചു. പ്രശ്‌നം നാളെ നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.